Connect with us

Kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ച് എക്‌സൈസ്

പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു.

Published

|

Last Updated

ആലപ്പുഴ|ആലപ്പുഴയില്‍ ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. പ്രതികളുമായി താരങ്ങള്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചു. കൂടുതല്‍ കണ്ണികള്‍ക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്‌സൈസ്.

അതേസമയം ഇന്നലെ പിടിയിലായ പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രതികള്‍ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ഉടന്‍ ശേഖരിക്കും. നിലവില്‍ വാട്‌സ്ആപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ചാറ്റുകള്‍ വീണ്ടെടുക്കാന്‍ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും എക്‌സൈസ് അറിയിച്ചു. കാര്‍ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാര്‍ക്ക് ലഹരി എത്തിച്ചത്. കാര്‍ വാടകയ്ക്ക് എടുത്ത ഏജന്‍സിയില്‍ നിന്നും വിവരങ്ങള്‍ തേടും.

ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ടുപേരാണ് ഇന്നലെ പിടിയിലായത്. വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവമാണ് ഇന്നലെ പിടിയിലായ ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താന. തിരക്കഥ വിവര്‍ത്തനമാണ് തസ്ലിമയുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളില്‍ പ്രവീണ്യമുണ്ട്. കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ തസ്ലീമ സുല്‍ത്താനയെ എക്‌സൈസ് ആലപ്പുഴയില്‍ എത്തിച്ചത്. ഓമനപ്പുഴ തീരദേശ റോഡില്‍ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്‌സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ നടന്മാരായ രണ്ട് പേര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയത്.