Connect with us

Alappuzha

ആലപ്പുഴ ജലാലുദ്ദീൻ മുസ്ലിയാർ നിര്യാതനായി

ബാംഗ്ലൂരിൽ തുടക്കംകുറിച്ച അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണ പ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ചു.

Published

|

Last Updated

ആലപ്പുഴ | സുന്നി ജംഇയ്യത്തുൽ ഉലമ ബാംഗ്ലൂർ ഘടകം പ്രസിഡന്റും സമസ്തയുടെ സമുന്നത നേതാവുമായ ആലപ്പുഴ ജലാലുദ്ദീൻ മുസ്ലിയാർ നിര്യാതനായി. 68 വയസായിരുന്നു. ബാംഗ്ലൂർ മേഖലയിൽ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് മൂന്നര പതിറ്റാണ്ടായി നേതൃത്വം നൽകി വരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് തിരുവനന്തപുരത്ത് വച്ചാണ് മരണം സംഭവിച്ചത്. രണ്ടാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് വൻജനാവലിയുടെ ജനാസ നിസ്കാരത്തെത്തുടർന്ന് പാനൂർ പാലത്തറ ജുമാ മസ്ജിദിൽ കബറടക്കം നടത്തി.

ആലപ്പുഴ ജില്ലയിലെ പാനൂർ നെടുവേലിൽ മർഹും മുഹമ്മദ് കുഞ്ഞ്, സൈനബ എന്നിവരുടെ മകനായ ജലാലുദ്ദീൻ മുസ്ലിയാർ 37 വർഷം മുമ്പ് ബാംഗ്ലൂർ ശിവാജി നഗർ മസ്ജിദ് ഇമാമായി ജോലിയിൽ പ്രവേശിച്ചതിനുശേഷം സുൽത്താനുൽ ഉലമ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെടുകയും സുന്നി പ്രസ്ഥാനങ്ങളുടെ ബാംഗ്ലൂർ ദേശത്തെ പ്രവർത്തനം ഏറ്റെടുക്കുകയുമായിരുന്നു.

ജംഇയ്യത്തുൽ ഉലമ ബാംഗ്ലൂർ ഘടകം പ്രസിഡന്റായതിനുപുറമെ ശിവാജി നഗർ ഷാഫി മസ്ജിദ്, നിൽ സാന്ദ്രാ മസ്ജിദ്, ഗൗരി പാളയം ശാഫി മസ്ജിദ് ഇമാം , ബാംഗ്ലൂർ സുന്നീ സ്ഥാപനങ്ങളുടെ സാരഥി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ബാംഗ്ലൂരിലേക്ക് പോകുന്നതിനുമുമ്പ് കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ്, ആലുവ എടയിപ്പുറം ജുമാ മസ്ജിദ്, കുന്നത്തൂർ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിൽ ഇമാമും മുദരിസുമായിരുന്നു. ബാംഗ്ലൂരിൽ തുടക്കംകുറിച്ച അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണ പ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ചു.

ഭാര്യ: സലീന മക്കൾ: ഖമറുന്നിസാ , ഖമറുദ്ദീൻ, മരുമക്കൾ: ഷാജഹാൻ, നുസ്റത്ത്.
സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ മുസ്ലിയാർ ആലുവ, സിറാജുദ്ദീൻ ബുസ്താനി, മലീഹ ബീവി

Latest