Alappuzha
ആലപ്പുഴ കളര്‍കോട് വാഹനാപകടം; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

അമ്പലപ്പുഴ | ആലപ്പുഴ കളര്‍കോട് ചങ്ങനാശ്ശേരി ജംഗ്ഷനില്‍ കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് മെഡി. വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാറിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്‌റാഹീം എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിയും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം.
ഒരാള്‍ സംഭവസ്ഥലത്തും നാലു പേര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. ആലപ്പുഴയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
എറണാകുളം വൈറ്റില ഹബ്ബില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടവേര കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. കോരിച്ചൊരിയുന്ന മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകട കാരണമെന്നാണ് സൂചന. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.