Connect with us

Kerala

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിന്‍ സമയത്തില്‍ മാറ്റം; പുതിയ സര്‍വീസുകള്‍ക്ക് അംഗീകാരം

നിലവില്‍ ഉച്ചക്കു ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ 20 മുതല്‍ 3.50നാകും പുറപ്പെടുക.

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ സമയത്തില്‍ ആഗസ്റ്റ് 20 ഞായറാഴ്ച മുതല്‍ മാറ്റം വരുത്തി. നിലവില്‍ ഉച്ചക്കു ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 20 മുതല്‍ 3.50നാകും പുറപ്പെടുക. എറണാകുളം ജങ്ഷനില്‍ 5.20 ഓടെ എത്തിച്ചേരും. 7.47നാണ് ഷൊര്‍ണൂരില്‍ എത്തുക.

പുതിയ ചില സര്‍വീസുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. എറണാകുളം-വേളാങ്കണ്ണി ബൈവീക്ക്‌ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്‌ലി ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായി.

എറണാകുളത്തു നിന്ന് തിങ്കള്‍, ശനി ദിവസങ്ങളിലാണ് വേളാങ്കണ്ണിയിലേക്ക് ട്രെയിന്‍ സര്‍വീസ്. ചൊവ്വ, ഞായര്‍ ദിവസങ്ങളിലാണ് തിരികെയുള്ള സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് 12.35ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും. തിരികെ വൈകീട്ട് 6.30 ഓടെ വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12 മണിയോടെ എറണാകുളത്തെത്തും.

തിരുപ്പതി-കൊല്ലം ബൈവീക്ക്‌ലി ചൊവ്വ, വെള്ളി ദിവസങ്ങളിലും തിരികെ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചക്ക് 2.40ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, സേലം വഴിയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. തിരികെയുള്ള ട്രെയിന്‍ കൊല്ലത്ത് നിന്ന് രാവിലെ പത്തിന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും. രണ്ട് ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. തീയതി റെയില്‍വേ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഓണക്കാലത്ത് നാഗര്‍കോവിലില്‍ നിന്ന് കോട്ടയം, കൊങ്കണ്‍ വഴി പനവേലിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്ന് ആഗസ്റ്റ് 22, 29, സെപ്തംബര്‍ അഞ്ച് തീയതികളില്‍ പകല്‍ 11.35-ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലില്‍ നിന്ന് ആഗസ്റ്റ് 24, 31, സെപ്തംബര്‍ ഏഴ് തീയതികളില്‍ പുലര്‍ച്ചെ 12.10-ന് തിരികെ യാത്ര ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ പത്തിന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

വിവിധ ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍
തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസിന് പട്ടാമ്പിയിലും കൊച്ചുവേളി-ഛണ്ഡീഗഢ് സമ്പര്‍ക്ക്ക്രാന്തി ബൈവീക്കിലി എക്സ്പ്രസിന് തിരൂരിലും
തിരുനല്‍വേലി-ജാംനഗര്‍ ബൈവീക്കിലി എക്സ്പ്സിന് തിരൂരിലും തിരുനല്‍വേലി-ഗാന്ധിധാം വീക്കിലി ഹംസഫര്‍ എക്സ്പ്രസിന് കണ്ണൂരിലും യശ്വന്ത്പുര്‍-കൊച്ചുവേളി എസി വീക്കിലി എക്സ്പ്രസിന് തിരുവല്ലയിലും എറണാകുളം-ഹാതിയ വീക്കിലി എക്സ്പ്രസിന് ആലുവയിലും ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് പരവൂരിലും മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസിന് ചെറുവത്തൂരിലും തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസിന് തേന്മലയിലും തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്കിലി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിലും കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് ബൈവീക്കിലി ട്രെയിനിന് ചങ്ങനാശ്ശേരിയിലും സ്റ്റോപ്പ് അനുവദിച്ചു.

 

 

 

 

---- facebook comment plugin here -----

Latest