Connect with us

alappuzha twin murder

ആലപ്പുഴ കൊലപാതകങ്ങൾ; വിജയ് സാഖറെക്ക് ചുമതല

വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി വിജയ് സാഖറെക്കായിരിക്കും അന്വേഷണ ചുമതല. ഐ ജി ഹർഷിത അത്തല്ലൂരി, ഡി ഐ ജിമാരായ പി പ്രകാശ്, നീരജ്കുമാർ ഗുപ്ത, ജില്ലാ പോലീസ് മേധാവി വി ജയദേവ്, ആലപ്പുഴ ഡി വൈ എസ് പി ജയരാജ് എന്നിവരും സംഘത്തിലുണ്ടാകും.
കൊലപാതകത്തിന് നേതൃത്വം നൽകിയവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായിട്ടില്ല. സുരക്ഷ നൽകിയിരുന്നുവെന്നും ഡി ജി പി വിശദീകരിച്ചു. ആവർത്തിച്ചുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തതലത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇനിയൊരു സംഭവം നടക്കാനിടയില്ലാത്തവിധം കൊലപാതകത്തിൽ പങ്കാളികളായ നേതാക്കളെയുൾപ്പെടെ പിടികൂടാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവ് കെ എസ് ഷാൻ, ബി ജെ പി നേതാവായ രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല ചെയ്യപ്പെട്ടത്.
ആലപ്പുഴ മണ്ണഞ്ചേരിയിൽ കഴിഞ്ഞ ദിവസമാണ് കെ എസ് ഷാനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്ക് തടഞ്ഞുനിർത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെയോടെ ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ എട്ടംഗ സംഘം വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആലപ്പുഴയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം. രണ്ട് കൊലപാതകങ്ങളിലെയും പ്രതികൾക്കായി സംസ്ഥാനത്തിന്റെ അതിർത്തിയടക്കം അടച്ചുള്ള പരിശോധനക്ക് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.