Kerala
ആലപ്പുഴയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് സീലിംഗ് ഇളകി വീണ് അപകടം; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
രാജീവ് ശുചിമുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിങ് ഇളകി വീണത്
ആലപ്പുഴ| ആലപ്പുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ശുചിമുറിയിലെ കോണ്‍ക്രീറ്റ് സീലിംഗ് ഇളകി വീണ് അപകടം. തിരുവനന്തപുരം ലീഗല്‍ മെട്രോളജി ഓഫീസിലെ ഉദ്യോഗസ്ഥന്‍ രാജീവ് അപകടത്തില്‍ നിന്നും തല നാരിഴക്കാണ് രക്ഷപ്പെട്ടത്. രാജീവ് ശുചിമുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിങ് ഇളകി വീണത്. ആലപ്പുഴ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു രാജീവും സഹപ്രവര്‍ത്തകരും.
ഇന്നലെ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്ന് ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലയ്ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെക്രട്ടേറിയറ്റിലെ ഒന്നാം നിലയിലെ ശുചിമുറിയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. ക്ലോസറ്റിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും അടര്‍ന്ന് വീഴുകയായിരുന്നു. കാലില്‍ ആഴത്തില്‍ പരുക്കേറ്റ് ചോര വാര്‍ന്നൊഴുകിയ ഉദ്യോഗസ്ഥയെ ആദ്യം ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ക്ലോസറ്റില്‍ വിള്ളല്‍ വീണിട്ടുണ്ടെന്നും അറ്റകുറ്റ പണി വേണമെന്നും ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പ്പെടുത്തിട്ടും ഹൗസ് കീപ്പിംഗ് വിഭാഗം ജാഗ്രതയോടെ പെരുമാറിയില്ലെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. കഴിഞ്ഞ മാസമാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഒരു ഭാഗം തകര്‍ന്ന് വീണ് ഉദ്യോഗസ്ഥന് പരുക്കേറ്റത്. പിന്നാലെയാണ് ഇന്നലെ ക്ലോസറ്റ് തകര്‍ന്നുള്ള അപകടമുണ്ടായത്.സംഭവത്തെ കുറിച്ച് പൊതുമരാമത്ത് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചു.