Kerala
കാണാതായ കല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി; സംഭവത്തിന് പിന്നില്‍ ഭര്‍ത്താവ്
ഇസ്‌റാഈലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുമെന്നും എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു
ആലപ്പുഴ | മാന്നാറില്‍ കാണാതായ കല കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. പരിശോധനയില്‍ കൊലപാതകം സംബന്ധിച്ച തെളിവുകള്‍ കിട്ടിയെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ നിന്നാണ് കൊലപാതക വിവരം കിട്ടിയത്. മാന്നാറില്‍ നിന്ന് കലയെ കാണാതായത് 2008-2009 കാലഘട്ടത്തിലാണ്. ശ്രീകലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നില്‍. ഇസ്‌റാഈലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുമെന്നും എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.
അതേ സമയം കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളടക്കം അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. ചെന്നിത്തല പഞ്ചായത്ത് രണ്ടാം വാര്‍ഡ് പായിക്കാട്ട് മീനത്തേതില്‍ ചെല്ലപ്പന്‍- ചന്ദ്രികയുടെ മകള്‍ കല (36) യാണ് കൊല്ലപ്പെട്ടത്. ചെന്നിത്തല പഞ്ചായത്ത് ഇരമത്തൂര്‍ കിഴക്ക് മൂന്നാം വാര്‍ഡില്‍ കണ്ണമ്പള്ളില്‍ അനിലിന്റെ ആദ്യ ഭാര്യയാണ് കല. 15 വര്‍ഷം മുമ്പ് കലയെ കണാതായതായി മാന്നാര്‍ പോലീസില്‍ അനിലിന്റെ പിതാവ് പരാതി നല്‍കിയിരുന്നുവെങ്കിലും തുടര്‍ അന്വേഷണം നടന്നിരുന്നില്ല.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അനിലിന്റെ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കിലാണ് കലയെ കൊന്ന് കുഴിച്ച് മൂടിയതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചക്ക് ഒന്നരയോടെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചു. മൂന്ന് ടാങ്കുകളാണ് തുറന്ന് പരിശോധിച്ചത്. അതില്‍ രണ്ടാമത്തെ ടാങ്കില്‍ നിന്ന് മൃതദേഹത്തിന്റേതെന്ന് തോന്നിക്കുന്ന എല്ലിന്റെ അവശിഷ്ടവും തലയില്‍ കുത്തുന്ന ഒരു ക്ലിപ്പും ലഭിച്ചു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ മൃതദേഹത്തിന്റെ ചെറിയ അവശിഷ്ടങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്തെങ്കിലും കെമിക്കല്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവശിഷ്ടങ്ങളൊന്നും ബാക്കിയുണ്ടാവില്ലെന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വാടകക്കെടുത്ത കാറില്‍ കൊണ്ടുപോയി കുട്ടനാട് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൂടിയെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പോലീസിന് നല്‍കിയ മൊഴിയിലുള്ളത്. കലയുടെ ഭര്‍ത്താവ് അനിലിന്റെ സഹോദരി ഭര്‍ത്താവ് സോമരാജന്‍, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ് ശാരദാലയം, സുരേഷ് കുമാര്‍ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.