Kerala
ചുവടു പിഴക്കാതെ ആലത്തൂർ
11 വർഷമായി സംസ്ഥാന കലാകിരീടം ചൂടുന്ന ആലത്തൂർ സ്‌കൂളിൽ ജൂൺ മുതൽ തന്നെ പരിശീലനം ആരംഭിച്ചിരുന്നു.
ഐതിഹ്യപ്പെരുമയിൽ കളരിപ്പയറ്റിനോട് സാമ്യമുള്ള പിഴക്കാത്ത ചുവടുകളുമായി ഹൈസ്‌കൂൾ വിഭാഗം പൂരക്കളി മത്സരത്തിൽ ഇത്തവണയും ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളെത്തി. ഫലം പുറത്തുവന്നപ്പോൾ പതിവുതെറ്റാതെ 12ാം തവണയും എ ഗ്രേഡ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സജി മാസ്റ്ററുടെ ശിക്ഷണത്തിലായിരുന്നു ഇത്തവണയും പരിശീലനം. 11 വർഷമായി സംസ്ഥാന കലാകിരീടം ചൂടുന്ന ആലത്തൂർ സ്‌കൂളിൽ ജൂൺ മുതൽ തന്നെ പരിശീലനം ആരംഭിച്ചിരുന്നു.
വടക്കേ മലബാറിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് പൂരക്കളി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഭഗവതിക്കാവുകളിൽ മീന മാസത്തിലെ കാർത്തിക മുതൽ പൂരം വരെ ഒമ്പത് ദിവസങ്ങളിലാണ് ഇത് അരങ്ങേറുന്നത്. സ്കൂൾ കലോത്സവത്തിന് വേണ്ടി തയ്യാറാക്കുന്ന പൂരക്കളി സംഘത്തിൽ 12 പേരാണുണ്ടാകുക.
ആലത്തൂർ സ്‌കൂളിൽ നിന്ന് ഇരുനൂറോളം വിദ്യാർഥികളാണ് ഇത്തവണ സംസ്ഥാന കലോത്സവത്തിനെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന കലോത്സവത്തിൽ 249 പോയിന്റോടെ ആലത്തൂർ ഒന്നാമതെത്തിയിരുന്നു. 12ാം തവണയും കിരീടം വിടാൻ ഇവർ ഒരുക്കമല്ല.