Connect with us

anti narcotics

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടാൻ ആൽകോ സ്‌കാൻ വാൻ

ഉമിനീര് ഉപയോഗിച്ച് ലഹരി പരിശോധന നടത്തുന്ന പദ്ധതി രാജ്യത്ത് ആദ്യമായാണ്.

Published

|

Last Updated

തിരുവനന്തപുരം | ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ നിമിഷങ്ങൾക്കകം പൂട്ടാൻ ആൽകോ സ്‌കാൻ വാനുമായി പോലീസ്. ലഹരി ഉപയോഗിച്ചുള്ള വാഹനാപകടങ്ങൾ തടയാൻ പോലീസ് നടത്തുന്ന വാഹന പരിശോധനക്ക് സഹായകരമാകുന്ന ആൽകോ സ്‌കാൻ വാൻ നാളെ പോലീസിന് കൈമാറും. വാഹന പരിശോധന നടത്തുന്ന സമയം തന്നെ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചോ എന്നുള്ള പരിശോധന ഈ വാനിൽ വെച്ച് വേഗത്തിൽ നടത്താനാകും എന്നതാണ് പ്രത്യേകത. മെഡിക്കൽ സെന്ററിൽ കൊണ്ടുപോകേണ്ട ആവശ്യം വരില്ല.

പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്ന് നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർഥത്തെ വേഗത്തിൽ തിരിച്ചറിയാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ച് ലഹരി പരിശോധന നടത്തുന്ന പദ്ധതി രാജ്യത്ത് ആദ്യമായാണ്. വിദേശ രാജ്യങ്ങളിൽ പോലീസ് ഉപയോഗിക്കുന്ന ഈ വാഹനത്തിന് 50 ലക്ഷം രൂപയാണ് വില. റോട്ടറി ഇന്റർനാഷനൽ ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച റോപ്പ് പദ്ധതിയിലൂടെയാണ് സ്‌കാൻ വാൻ പോലീസിന് കൈമാറുന്നത്.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഫ്ലാഗ് ഓഫും നാളെ വൈകുന്നേരം 4.30ന് തിരുവന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പദ്ധതി വിശദീകരിക്കും. റോട്ടറി ഗവർണർ കെ ബാബു മോൻ, റോപ്പ് പദ്ധതി ചീഫ് കോ- ഓർഡിനേറ്റർ സുരേഷ് മാത്യു, ജിഗീഷ് നാരായണൻ, കെ ശ്രീനിവാസൻ പങ്കെടുക്കും. ഈ സാമ്പത്തിക വർഷം തന്നെ ഇത്തരത്തിലുള്ള 15 വാനുകളും റോപ്പ് കേരള പോലീസിന് കൈമാറും.

Latest