Connect with us

feature

അകലെ കുതിച്ച് അൽഹിന്ദ്

ഇനി പറക്കാനുള്ള പുറപ്പാടിലാണ് ഈ സ്ഥാപനം. അടുത്ത വർഷം മുതൽ ആകാശപാതയിലേക്ക് പുതിയ വിമാനക്കമ്പനിയായ അൽഹിന്ദ് എയറും ഉയർന്നു പറക്കുമെന്നാണ് കരുതുന്നത്. കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ എൻ ഒ സി ലഭിച്ചു. ഇനി ഡി ജി സി എയുടെ എയർലൈൻ ഓപറേറ്റിംഗ് സർട്ടിഫിക്കറ്റ് (എ ഒ സി ) കൂടി ലഭിക്കേണ്ടതേയുള്ളൂ. ഇതോടെ കേരളത്തിന്റെ ആകാശ സ്വപ്‌നം കൂടി സാക്ഷാത്കരിക്കപ്പെടും.

Published

|

Last Updated

മൂന്നര പതിറ്റാണ്ടായി അൽഹിന്ദ് എന്ന വിപ്ലവം പ്രയാണം തുടങ്ങിയിട്ട്. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്ന ആശയങ്ങളും ആവശ്യങ്ങളും ചിട്ടയോടെ അടുക്കിവെച്ച് നാനാതുറകളിൽ സേവനനിരതമാണ് ഈ സ്ഥാപനം.

കോഴിക്കോട് മാവൂർ റോഡിലെ കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപം ചെറിയൊരു ട്രാവൽ ഓഫീസായി പ്രവർത്തനം ആരംഭിച്ച അൽഹിന്ദ് ഇന്ന് ഇരുപതിനായിരം കോടിയുടെ ടേൺ ഓവർ ഉള്ള സ്ഥാപനമാണെന്ന് പറയുമ്പോൾ മൂന്നര പതിറ്റാണ്ടുകൊണ്ട് ഈ വിപ്ലവം ജനമനസ്സുകളിൽ നേടിയെടുത്ത സ്വീകാര്യത മനസ്സിലാക്കാവുന്നതേയുള്ളൂ.

പറക്കാനുള്ള പുറപ്പാട്

ഇനി പറക്കാനുള്ള പുറപ്പാടിലാണ് ഈ സ്ഥാപനം. അടുത്ത വർഷം മുതൽ ആകാശപാതയിലേക്ക് പുതിയ വിമാനക്കമ്പനിയായ അൽഹിന്ദ് എയറും ഉയർന്നു പറക്കുമെന്നാണ് കരുതുന്നത്. കമ്പനിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ എൻ ഒ സി ലഭിച്ചു. ഇനി ഡി ജി സി എയുടെ എയർലൈൻ ഓപറേറ്റിംഗ് സർട്ടിഫിക്കറ്റ് (എ ഒ സി ) കൂടി ലഭിക്കേണ്ടതേയുള്ളൂ. ഇതോടെ കേരളത്തിന്റെ ആകാശ സ്വപ്‌നം കൂടി സാക്ഷാത്കരിക്കപ്പെടും.

സാധാരണക്കാരനെ ഉൾക്കൊണ്ടുകൊണ്ടുള്ള വിമാന സർവീസ് എന്ന ആശയത്തിലാണ് അൽഹിന്ദിന്റെ ചിന്തയെന്ന് അൽഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ടി മുഹമ്മദ് ഹാരിസ് പറഞ്ഞു. ഹജ്ജ്, ഉംറ യാത്രക്കാർക്ക് മുന്തിയ പരിഗണന ഉണ്ടാകും. പെട്ടെന്ന് ഫ്ലൈറ്റുകൾ റദ്ദാക്കുക വഴി ഇത്തരം യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്. ഈ പ്രയാസം പരിഹരിക്കുന്നതിന് ശ്രമമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

200 – 500 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ, ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് നടത്തുക. ഇതിനായി എ ടി ആർ വിമാനങ്ങൾ ഉപയോഗിക്കും. തുടക്കത്തിൽ കൊച്ചി -ബെംഗളൂരു, തിരുവനന്തപുരം – ചെന്നൈ സർവീസുകളാണ് ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടംഘട്ടമായി അഖിലേന്ത്യാ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും സർവീസുകൾ വ്യാപിപ്പിക്കും. രാജ്യാന്തര സർവീസുകൾക്ക് എയർ ബസിന്റെ എ 320 വിമാനങ്ങൾ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. മൊത്തം 3000 കോടിയുടെ പദ്ധതിയാണ് അൽഹിന്ദ് എയർ ലക്ഷ്യമിടുന്നത്.

വന്ന വഴി

ഇരുപതാം വയസ്സിലാണ് അൽഹിന്ദിന്റെ ശിൽപ്പിയും ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനുമായ ടി മുഹമ്മദ് ഹാരിസ് തന്റെ മേഖല കണ്ടെത്തുന്നത്. നേരത്തെ ചില ട്രാവൽ ഏജൻസി ഓഫീസുകളിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 1990കളിലാണ് കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപം സ്വന്തമായ സ്ഥാപനം ആരംഭിക്കുന്നത്. എം ഡിയായി പി വി വത്സരാജും ചേർന്നു. പിന്നീട് മാവൂർ റോഡിലെ മർകസ് കോംപ്ലക്സിലേക്ക് ഓഫീസ് സംവിധാനങ്ങൾ വിപുലപ്പെടുത്തി. ശേഷം വളർച്ചയുടെ ഘട്ടങ്ങൾ അതിവേഗമായിരുന്നു. കാന്തപുരത്തിന്റെ നിരന്തരമായ പിന്തുണ തുടക്കം മുതൽ അൽഹിന്ദിന്റെ വളർച്ചയിൽ സുപ്രധാന ഘടകമാണെന്ന് ഹാരിസ് പറഞ്ഞു.
ഇന്ന് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ബംഗ്ലാദേശിലും ഉൾപ്പെടെ 130 ഓളം ഓഫീസുകളും രണ്ടായിരത്തോളം ജീവനക്കാരുമുണ്ട് ഈ സ്ഥാപനത്തിന്. ഹജ്ജ് – ഉംറ സർവീസുകളിൽ മികച്ച സേവനം നൽകാൻ കഴിയുന്നുവെന്നത് അൽഹിന്ദിനെ വളരെ പെട്ടെന്ന് ജനപ്രിയമാക്കി. കൂടാതെ, അൽഹിന്ദ് വളർന്നുവരുന്ന കാലത്താണ് കോഴിക്കോട് വിമാനത്താവളവും യാഥാർഥ്യമായത്. സ്ഥാപനത്തിന്റെ വളർച്ചയിൽ ഇതും പോസിറ്റീവായി.

സേവനം നാനാതുറകളിൽ

ട്രാവൽ രംഗത്ത് മാത്രമല്ല അൽഹിന്ദിന്റെ മുന്നേറ്റം. അൽഹിന്ദ് അക്കാദമി ഉൾപ്പെടെ 20 ഓളം മറ്റ് സ്ഥാപനങ്ങളും പ്രവർത്തനനിരതമാണ്. അൽഹിന്ദ്. കോം, അൽഹിന്ദ് ഹോളിഡേഴ്സ്, അറ്റസ്റ്റേഷൻ സർവീസ്, ബസ് സർവീസ്, അൽഹിന്ദ് എക്സ്ചേഞ്ച്, അൽഹിന്ദ് അക്കാദമി, സ്റ്റഡി അബ്രോഡ്, ധൻഹിന്ദ്, അൽഹിന്ദ് ബിസിനസ് സെന്റർ, അൽഹിന്ദ് അക്വ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. കൂടാതെ, കോഴിക്കോട് കാലിക്കറ്റ് ടവറും അൽഹിന്ദിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ 20 വർഷത്തോളമായി പ്രവർത്തിക്കുന്ന അൽഹിന്ദ് അക്കാദമിയിൽ നിന്ന് പഠിച്ചിറങ്ങിയ പതിനായിരത്തിലേറെ വിദ്യാർഥികൾ ഇന്ന് ഇന്ത്യയിലും വിദേശത്തും ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. കണ്ണൂരിൽ ഫ്ളൈറ്റ് സിമുലേറ്റർ ടെക്നോളജിയോട് കൂടിയ പൈലറ്റ് അക്കാദമി ആരംഭിക്കാനും പദ്ധതിയുണ്ട്.
ഏറ്റവും കുറഞ്ഞ നിരക്കിൽ വിദേശ കറൻസി നൽകുന്ന സ്ഥാപനം കൂടിയാണ് അൽഹിന്ദ്. സർക്കാറിന് കീഴിൽ ഹജ്ജിന് പോകുന്നവർക്ക് കുറഞ്ഞ നിരക്കിൽ റിയാൽ ലഭ്യമാക്കുന്ന അൽഹിന്ദ് എക്‌സ്‌ചേഞ്ച് ഓഫീസിന്റെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയാണ് നിർവഹിച്ചത്. അൽഹിന്ദ് അറ്റസ്റ്റേഷൻ സെന്റർ കേന്ദ്ര സർക്കാറിന്റെ അറ്റസ്റ്റേഷന് അനുമതിയുള്ള രാജ്യത്തെ നാലാമത്തെ സ്ഥാപനമാണ്.

വിനോദസഞ്ചാര മേഖല

കേരളത്തിന്റെ വിനോദ സഞ്ചാര മേഖല ഇനിയും വളർച്ച പ്രാപിക്കേണ്ടതുണ്ടെന്നാണ് അൽഹിന്ദ് ചെയർമാന്റെ അഭിപ്രായം. നിലവിലെ പാക്കേജുകൾക്ക് പുറമെ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതോടെ കണക്ടീവിറ്റി വർധിപ്പിക്കാൻ കഴിയും. കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയാണ് ലക്ഷ്യം. മൂന്ന് രാത്രിയും നാല് പകലും നീണ്ടു നിന്ന പാക്കേജിൽ മലേഷ്യയിലേക്ക് 19,999 രൂപക്കായിരുന്നു അൽഹിന്ദ് യാത്ര ഒരുക്കിയത്. കാൽ ലക്ഷത്തോളം പേരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്.

ചേർത്തുപിടിക്കൽ

പ്രയാസമനുഭവിക്കുന്നവരുടെ ആവശ്യങ്ങൾ അടുത്തറിഞ്ഞ് നിറവേറ്റുകയാണ് അൽഹിന്ദ്. രഹസ്യമായും പരസ്യമായും ഈ സേവനം അൽഹിന്ദ് നടത്തിക്കൊണ്ടിരിക്കുന്നു. നൂറുക്കണക്കിനാളുകൾക്കാണ് ദിനേന സ്ഥാപനം ഭക്ഷണം നൽകി വരുന്നത്.
കൊവിഡ് കാലത്ത് ലോകം അടച്ചുപൂട്ടിയ സമയത്ത് 300ഓളം വിമാനങ്ങൾ ചാർട്ട് ചെയ്താണ് അൽഹിന്ദ് പ്രവാസികളെ നാട്ടിലെത്തിച്ചത്. അന്ന് കോഴിക്കോട് നഗരത്തിലും മറ്റും ഭക്ഷണം കിട്ടാതെ വലഞ്ഞവർക്ക് ദിവസങ്ങളോളം ഭക്ഷണം എത്തിച്ചുനൽകുന്നതിലും അൽഹിന്ദ് മുന്നിൽ നിന്ന് പ്രവർത്തിച്ചു.

അൽഹിന്ദ് ചാരിറ്റബിൾ ഫൗണ്ടേഷന് കീഴിൽ ചികിത്സാ – പഠന സഹായവും നൽകുന്നുണ്ട്. അൽഹിന്ദിന്റെ ജീവനക്കാരും സ്ഥാപനത്തിനൊപ്പം ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത.

Latest