നോമ്പോർമ
അലിയുടെ 'കടംവാങ്ങിയ' നോമ്പുതുറ
പവിത്രമായ റമസാനിന്റെ പുണ്യവും ആവേശവും ചെറുപ്പം മുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. നമ്മുടെ ജീവിതത്തിൽ ഭൂരിഭാഗം ആളുകളും അനുഭവിക്കാത്തതും പഠിക്കാത്തതുമായ ഒന്നാണ് പട്ടിണി. അനുഭവിച്ചവർക്ക് മാത്രമാണ് പട്ടിണിയുടെ കാഠിന്യം അറിയുകയുള്ളൂ.
വിശപ്പിനെക്കുറിച്ച് ബോധവാനാകാൻ കൂടിയാണ് ഇസ്‌ലാം റമസാൻ മാസത്തിൽ നോമ്പ് അനുഷ്ടിക്കൽ നിർബന്ധമാക്കിയത്. വിശപ്പിന്റെ വിലയെ കുറിച്ചും ജീവിതത്തിന്റെ അങ്ങേയറ്റത്തുള്ളവരുടെ ദുരിതങ്ങൾ അറിയാനും എല്ലാ മനുഷ്യർക്കും തുല്യമായ ജീവിതാനുഭവമുണ്ടന്ന് മനസ്സിലാക്കാനുള്ള ഉത്തമമായ പരിശ്രമമാണ് നോമ്പ് കാലം
പണക്കാരനും പാവപ്പെട്ടവനും എല്ലാവരും ഭക്ഷണത്തിന് മുമ്പിൽ തുല്യരാണെന്ന് തെളിക്കുന്നതാണ് നോമ്പ്. കുട്ടിക്കാലത്ത് എന്റെ കൂട്ടുകാരിൽ പലരും നോമ്പ് തുറപ്പിക്കാറുണ്ടായിരുന്നു. നോമ്പ് തുറ വിഭവങ്ങളെ കുറിച്ച് വാചാലമാകാറുണ്ട് അവർ.
എന്നാൽ വളരെ പാവപ്പെട്ടവരുടെ നോമ്പ് തുറയിലും ഞാൻ പങ്കെടുക്കാറുണ്ട്. അതിൽ എന്നെ ഏറെ വേദനിപ്പിക്കുന്നതും എന്നും ഓർക്കാറുള്ളതും കൂട്ടുകാരനായ അലിയുടെ വീട്ടിലെ നോമ്പുതുറയാണ്.നോമ്പെടുക്കാതെ നോമ്പ് തുറക്കുമ്പോൾ ഭക്ഷണത്തിന്റെ സമൃദ്ധി മാത്രമാണ് കുട്ടികളായ ഞങ്ങൾക്ക് അന്ന് അനുഭവപ്പെടാറുള്ളത്. പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്ന അലി അവന്റെ വീട്ടിലും നോമ്പ് തുറക്കായി ഞങ്ങളെ ക്ഷണിച്ചു. അവിടത്തെ നോമ്പുതുറ വിഭവ സമൃദ്ധമായിരുന്നു.
അവന്റ വീട്ടിന്റെ അവസ്ഥയും മറ്റുമെല്ലാം അറിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇത്രയും വിപുലമായ വിഭവങ്ങൾ ഒരുക്കാൻ ഇവൻ കാര്യമായ ത്യാഗം ചെയ്തിട്ടുണ്ടെന്ന്.
അതിനെപ്പറ്റി ചോദിച്ചപ്പോൾ അലി പറഞ്ഞ മറുപടി ഇന്നും മറക്കാതെ വേദനയോടെ ഓർക്കുന്നു.
ഇത് ഞാൻ ‘കടം വാങ്ങിയ’ നോമ്പുതുറയാണ്. അതായത് ഇത്രയും വിഭവങ്ങൾ ഒരുക്കാൻ സാമ്പത്തികശേഷി എന്റെ കുടുംബത്തിനില്ലാത്തത് കൊണ്ട് എന്റെ കൂട്ടുകാരെ നന്നായി സത്കരിക്കാൻ അയൽപക്കത്തെ വീടുകളിൽ നിന്നും വാങ്ങിയതാണെന്ന്. അലി അന്ന് കണ്ണീരോടെ പറഞ്ഞ ആ വാക്കുകൾ ഇന്നും നോമ്പനുഭവം പറയുമ്പോൾ വേദനയോടെ ഓർക്കുന്നു.
തയ്യാറാക്കിയത്
സക്കരിയ പൊന്നാനി