Organisation
അലിഗഢ് യൂണിവേഴ്സിറ്റി സാഹിത്യോത്സവ് സമാപിച്ചു
കേരളത്തിന് പുറത്തെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് വിപുലമായി ഒരു സാഹിത്യോത്സവ് സംഘടിപ്പിക്കപ്പെടുന്നത്.
അലിഗഡ് | എസ് എസ് എഫ് അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി സാഹിത്യോസവ് സമാപിച്ചു. കേരളത്തിന് പുറത്തെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് വിപുലമായി ഒരു സാഹിത്യോത്സവ് സംഘടിപ്പിക്കപ്പെടുന്നത്.
പതിനഞ്ച് ഹാളുകളിലെ മുപ്പതിൽപ്പരം ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾ മൂന്ന് ദിവസങ്ങളിലായി മാറ്റുരച്ച പരിപാടി സർവ്വകലാശാലയ്ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. വെള്ളി ശനി, ഞായർ ദിവസങ്ങളിൽ യൂണിവേഴ്സിറ്റിയിലെ സൗത്ത് റീഡിങ് റൂം, കെന്നെഡി ലോൺ, മൗലാന ആസാദ് ലൈബ്രറി കൾചറൽ ഹാൾ എന്നിവിടങ്ങളിലായിരുന്നു സാഹിത്യ മത്സരങ്ങൾ.
18 ഹാളുകളിൽ നിന്ന് 2 വിഭാഗങ്ങളിലായി പാട്ട്, പ്രസംഗം, രചന, ക്വിസ്, നഅത്ത്, ഡിജിറ്റൽ ഡിസൈനിംഗ് തുടങ്ങി 25 മത്സരയിനങ്ങളിൽ ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ചു. സാഹിത്യോത്സവിൽ എസ്എസ് സൗത്ത് ഹാൾ, മുഹ്‌സിനുൽ മുൽക് ഹാൾ, സർ സിയാഉദ്ദീൻ ഹാൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ വിഭാഗത്തിൽ ഇന്ദിര ഗാന്ധി ഹാൾ, ബിബി ഫാത്തിമ ഹാൾ, സുൽത്താൻ ജഹാൻ ഹാൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
പരിപാടിയുടെ ഭാഗമായി നടന്ന ഖവാലി ആസ്വാദന സദസ്സിൽ സയ്യിദ് ഫുർഖാൻ അലി ഖാദിരിയും ടോക്കിന് സഈദ് ഹസനിയും നേതൃത്വം നൽകി. സമാപന സംഗമം എസ് എസ് എഫ് നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ഖാലിദ് സൈഫുല്ലയുടെ അധ്യക്ഷതയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫസർ ഷാഫി കിദ്വായി ഉദ്ഘാടനം ചെയ്തു. ഡോ. മുനീർ ഹുദവി, ഡോ. അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ ബുഖാരി, ഡോ. സുബൈർ അംജദി സംസാരിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് സൽസബീൽ സ്വാഗതവും, സ്വാലിഹ് ബുഖാരി നന്ദിയും പറഞ്ഞു.