From the print
സമസ്ത നൂറാം വാര്‍ഷികം: എസ് ജെ എം പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം
ഭവനരഹിതരായ 100 മുഅല്ലിംകള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന 100 ഭവനങ്ങളുടെ ശിലാസ്ഥാപനം വൈകാതെ നടക്കും.
കോഴിക്കോട് | സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2024- 25 വര്‍ഷം നടപ്പാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപമായി. ജില്ലാ സെക്രട്ടറിമാരുടെയും തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക സ്റ്റേറ്റ് സെക്രട്ടറിമാരുടെയും സംയുക്ത യോഗം അവ അംഗീകരിക്കുകയും സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഭവനരഹിതരായ 100 മുഅല്ലിംകള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന 100 ഭവനങ്ങളുടെ ശിലാസ്ഥാപനം വൈകാതെ നടക്കും. പുതുതായി 1,500ഓളം മദ്‌റസകള്‍ സ്ഥാപിക്കുന്നതിന്റെ പ്രചാരണാര്‍ഥം എസ് ജെ എം സാരഥികള്‍ ഒരു മാസം ഒരു സംസ്ഥാനത്ത് നടത്തുന്ന പര്യടനത്തിന്റെ തുടക്കം ഈ മാസം തമിഴ്‌നാട്ടില്‍ നടക്കും. ലീഡര്‍ഷിപ്പ് ക്വാളിറ്റി നിലനിര്‍ത്താന്‍ നടത്തുന്ന മുഅല്ലിം നേതൃക്യാമ്പ് ജൂണില്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ജില്ലാ ക്യാമ്പുകളും നടക്കും. 60 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ ഹിസ്ബ് പരിശീലനം എല്ലാ റെയ്ഞ്ചുകളിലും ജൂലൈ മുതല്‍ നടക്കും.
സമസ്ത 100ാം വാര്‍ഷികത്തിന്റെ പ്രചാരണാര്‍ഥം ആഗസ്റ്റില്‍ 5,000 കേന്ദ്രങ്ങളില്‍ വണ്‍ഡേ മദ്്‌റസ സമ്മേളനങ്ങള്‍ നടക്കും. സെപ്തംബറില്‍ മീലാദ് ക്യാമ്പയിനിന്റെ മദ്്‌റസാതല പരിപാടികളും ഒക്ടോബറില്‍ ആദര്‍ശ ക്യാമ്പയിനിന്റെ ഭാഗമായി ശൈഖ് ജീലാനി, മണ്‍മറഞ്ഞ സമസ്ത നേതാക്കള്‍ അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും.
തുടര്‍ന്നുള്ള മാസങ്ങളില്‍ സുന്നത്ത്, കുസുമം ക്യാമ്പയിന്‍, റെയ്ഞ്ചുതല ശില്‍പ്പശാലകള്‍, മദ്്‌റസാ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് പ്രചോദനമേകുന്ന പരിപാടിയായ ‘വഴികാട്ടി’ എന്നിവ സംഘടിപ്പിക്കും. പ്രസിഡന്റ്‌സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി പി എം വില്യാപ്പള്ളി ആമുഖഭാഷണം നടത്തി. സെക്രട്ടറി കുഞ്ഞുകുളം സുലൈമാന്‍ സഖാഫി പദ്ധതി വിശദീകരിച്ചു.
കെ പി എച്ച് തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി സൈതലവി, കെ ഉമര്‍ മദനി, വി വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്്‌ലിയാര്‍ ചെറൂപ്പ, അബ്ദുന്നാസര്‍ ഹിശാമി, കെ കെ എം കാമില്‍ സഖാഫി , മുഹമ്മദ് റാശിദ് അഹ്സനി, സി എം യൂസുഫ് സഖാഫി, മുഹമ്മദലി മുസ്്‌ലിയാര്‍, അശ്റഫ് സഖാഫി, സി കെ എം പാടന്തറ, ശുഐബ് മുസ്്‌ലിയാര്‍, സൈതലവി ഹിശാമി, നുജൂമുദ്ദീന്‍ അമാനി, റശീദ് മുസ്്‌ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.