From the print
സമസ്ത 100ാം വാര്‍ഷിക പ്രഖ്യാപനം: നഗരി ഒരുങ്ങുന്നത് മാലിക് ദീനാറിന്റെ നാമധേയത്തില്‍
ചട്ടഞ്ചാല്‍ നഗര ഹൃദയഭാഗത്ത് അതിവിശാലമായ മൈതാനിയിലാണ് പതിനായിരം പ്രതിനിധികളെയും അര ലക്ഷത്തിലേറെ ബഹുജനങ്ങളെയും സ്വീകരിക്കാനുള്ള നഗരി സജ്ജമാക്കുന്നത്.
കാസര്‍കോട് | ഈ മാസം 30ന് നടക്കുന്ന സമസ്ത:100ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് കാസര്‍കോട് ചട്ടഞ്ചാലില്‍ നഗരി സജ്ജമാക്കുന്നത് മാലിക്ദീനാറി (റ) ന്റെ നാമധേയത്തില്‍. പ്രവാചക കാലഘട്ടത്തില്‍ തന്നെ മതത്തിന്റെ സന്ദേശവുമായി കേരളത്തിലെത്തിയ ആദ്യ മിഷനറി സംഘത്തിലെ അംഗമായ മാലിക്ദീനാര്‍ കാസര്‍കോടിന്റെ ആത്മീയ വെളിച്ചമാണിന്നും.
ഇന്നു കാണുന്ന റൗളാങ്കിത ത്രിവര്‍ണ പതാക സമസ്തയുടെ ഔദ്യോഗിക പതാകയായി അംഗീകാരം നല്‍കിയ ചരിത്ര പ്രസിദ്ധമായ 40ാം വാര്‍ഷിക സമ്മേളനം നടന്നത് തളങ്കര മാലിക് ദീനാര്‍ നഗറിലായിരുന്നു. ആ സമ്മേളനം കഴിഞ്ഞ് കൃത്യം 60 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ചരിത്രത്താളുകളില്‍ ഇടംപിടിക്കുന്ന 100ാം വാര്‍ഷിക പ്രഖ്യാപനം ജില്ലയില്‍ നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. നഗരി നാമകരണം പ്രഖ്യാപിച്ചതോടെ മാലിക് ദീനാറിന്റെ സ്നേഹസന്ദേശം കൂടുതലാളുകളിലേക്ക് പ്രചരിപ്പിക്കാന്‍ സഹായകമാകും. ചട്ടഞ്ചാല്‍ നഗര ഹൃദയഭാഗത്ത് അതിവിശാലമായ മൈതാനിയിലാണ് പതിനായിരം പ്രതിനിധികളെയും അര ലക്ഷത്തിലേറെ ബഹുജനങ്ങളെയും സ്വീകരിക്കാനുള്ള നഗരി സജ്ജമാക്കുന്നത്.
സ്വാഗതസംഘം ചെയര്‍മാന്‍ കെ എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ സൗകര്യങ്ങള്‍ വിലയിരുത്തി. സയ്യിദ് ഹസന്‍ അഹ്ദല്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മജീദ് കക്കാട്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടം, പൊതുജനങ്ങള്‍ക്ക് സമ്മേളനം വീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍, പാര്‍ക്കിംഗ് തുടങ്ങിയവക്കായി വിപുലമായ സൗകര്യങ്ങളോടുകൂടിയ നാല് ഗ്രൗണ്ടുകള്‍ സജ്ജമായിക്കഴിഞ്ഞു. സമ്മേളന വിജയത്തിന് കാസര്‍കോട്ടും പരിസരങ്ങളിലും അതിവിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.