Kerala
എന്റെ ചുറ്റും ഇരുട്ട് മാത്രം; വേദനയും നഷ്‌ടബോധവും പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല: നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌ടർ
ഇന്നലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ കലക്‌ടർ താത്പര്യമറിയിച്ചിരുന്നു. പക്ഷേ കുടുംബം അതിനോട് വിയോജിക്കുകയായിരുന്നു.
പത്തനംതിട്ട | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ കലക്‌ടർ അരുണ്‍ കെ വിജയന്‍. സബ് കളക്ടര്‍ നേരിട്ടെത്തിയാണ് മാപ്പെഴുതിയ കത്ത് നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്.
നവീന്‍ ബാബുവിന്റെ മരണത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്നും എന്റെ ചുറ്റും ഇരുട്ട് മാത്രമാണെന്നും നഷ്ടബോധം പറഞ്ഞറിയിക്കാനാകില്ലെന്നും കുടുംബത്തിന് നല്‍കിയ കത്തില്‍ പറയുന്നു.
കാര്യക്ഷമതയോടെയും സഹാനുഭൂതിയോടു കൂടിയും തന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചയാളാണ് നവീന്‍ ബാബു. എട്ട് മാസത്തോളമായി എനിക്കറിയാവുന്ന നവീന്‍. സംഭവിക്കാന്‍ പാടില്ലാത്ത നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാന്‍ മനസ്സ് വെമ്പുപോളും നവീന്റെ വേര്‍പാടില്‍ എനിക്കുള്ള വേദനയും നഷ്ടബോധവും പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ എന്റെ വാക്കുകള്‍ക്ക് കെല്‍പ്പില്ലെന്നും കത്തില്‍ പറയുന്നു.
വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കരുത്ത് ഉണ്ടാവട്ടെയെന്നും പിന്നീട് ഒരവസരത്തില്‍ നിങ്ങളുടെ അനുവാദത്തോടെ വീട്ടിലേക്ക് വരാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഇന്നലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ കലക്‌ടർ താത്പര്യമറിയിച്ചിരുന്നു. പക്ഷേ കുടുംബം അതിനോട് വിയോജിക്കുകയായിരുന്നു. കലക്‌ടർക്കെതിരെ ഗുരുതര ആരോപണവും നവീന്‍ ബാബുവിന്റെ ബന്ധു ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കലക്‌ടർക്കെതിരേ സി പി എം പത്തനംതിട്ട നേതൃത്വവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം നടത്തുന്ന കത്ത് കലക്‌ടർ കുടുംബത്തിന് കൈമാറിയത്.