National
ഒറ്റയടി, വീണു
എതിരാളികളുടെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സാണ് പന്തിൽ ആധിപത്യം കാട്ടിയത്
ഫത്തോർഡ | പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കി എഫ് സി ഗോവ ഐ എസ് എല്ലിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തായി. ഫത്തോർഡ സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊമ്പന്മാർ കീഴടങ്ങിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+1) റോളിൻ ബോർജസാണ് ഗോവയുടെ വിജയഗോൾ നേടിയത്. വിക്ടർ റോഡ്രിഗസിന്റെ ഫ്രീ കിക്ക് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ബോർജസ് വലയിലെത്തിച്ചു.
ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ അവസരങ്ങളൊരുക്കിയെങ്കിലും ഗോവൻ പ്രതിരോധവും ഗോൾ കീപ്പറും വിലങ്ങുതടിയായി.
എതിരാളികളുടെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്‌സാണ് പന്തിൽ ആധിപത്യം കാട്ടിയത്. 52 ശതമാനം പന്തിൽ നിയന്ത്രണം പുലർത്തിയ ടീം പത്ത് ഷോട്ടുകളുതിർത്തു. അവയിൽ മൂന്നെണ്ണം ഗോൾ വല ലക്ഷ്യമാക്കിയായിരുന്നു. എട്ടാം മിനുട്ടിൽ ക്വാമെ പെപ്രെക്ക് ലഭിച്ച അവസരം പോസ്റ്റിന് തൊട്ടുരുമ്മി പുറത്തേക്ക് പോയപ്പോൾ ബ്ലാസ്റ്റേഴ്‌സ് പ്രേമികൾ തലയിൽ കൈവെച്ചിരുന്നു.
സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം പരാജയമാണിത്. ഒമ്പത് മത്സരങ്ങളിൽ അഞ്ച് ജയമുള്ള ടീമിന് 17 പോയിന്റാണുള്ളത്. അതേസമയം, സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന ഗോവ ഏഴ് മത്സരങ്ങളിൽ ആറും ജയിച്ചു. ഒരു കളി സമനിലയായി. 19 പോയിന്റുമായാണ് ടീം തലപ്പത്തെത്തിയത്.