Kerala
ഹക്കീം ഫൈസി തുടരുന്ന കാലത്തോളം സി ഐ സിയുമായി സഹകരിക്കില്ലെന്ന് സമസ്ത ഇ കെ വിഭാഗം
പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുമായി സഹകരിക്കാനും മുശാവറ തീരുമാനം
കോഴിക്കോട് | അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി ഐ സിയുമായി സഹകരിക്കില്ലെന്ന് സമസ്ത ഇ കെ വിഭാഗം മുശാവറ യോഗം തീരുമാനിച്ചു. എന്നാല്‍, സി ഐ സിയുടെ പ്രസിഡൻ്റ് കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുമായി സഹകരിച്ച് സമസ്തയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് വാഫി, വഫിയ്യ സംവിധാനം ശക്തിപ്പെടുത്താന്‍ വേണ്ടത് ചെയ്യാനും യോഗം തീരുമാനിച്ചു.
കോ- ഓഡിനേഷന്‍ ഇസ്‌ലാമിക് കോളജസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും സമസ്തക്ക് എതിരേ പ്രചാരണം നടത്തുകയും ചെയ്തതെന്ന് ബോധ്യപ്പെട്ടതിന്റെ പേരില്‍ സമസ്ത എല്ലാ ഘടകങ്ങളില്‍ നിന്നും അബ്ദുല്‍ ഹക്കീം ഫൈസിയെ ഇകെ സമസ്ത കേന്ദ്ര മുശാവറ കഴിഞ്ഞ വർഷം നീക്കം ചെയ്തിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പുതിയ പാഠ്യപദ്ധതിക്കു രൂപം നല്‍കി ദേശീയ തലത്തില്‍ വിദ്യാഭ്യാസ സംവിധാനം വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.