World Rabies Day
All for one, One Health for all
2007ലാണ് ആദ്യമായി വേള്‍ഡ് റാബീസ് ദിന ക്യാമ്പയിന്‍ ആരംഭിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ തെരുവുനായ ശല്യം രൂക്ഷമായ ഘട്ടത്തിലാണ് ഈ വര്‍ഷത്തെ പേവിഷബാധ ദിനം കടന്നുവരുന്നത്. പതിനേഴാമത് ലോക പേവിഷബാധ ദിനം ആണ് ഈ വര്‍ഷം ആചരിക്കുന്നത്. 2007ലാണ് ആദ്യമായി വേള്‍ഡ് റാബീസ് ദിന ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ‘All for one, One Health for all’ എന്ന പ്രമേയവുമായാണ് ഈ വര്‍ഷം പേവിഷബാധ ദിനം ആചരിക്കുന്നത്.
എന്തുകൊണ്ട് സെപ്തംബര്‍ 28?
പ്രമുഖ ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചറിന്റെ ചരമദിനമാണ് സെപ്തംബര്‍ 28. അദ്ദേഹമാണ് ആദ്യമായി പേവിഷബാധക്കെതിരെ വാക്‌സീന്‍ വികസിപ്പിച്ചെടുത്തത്. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ സ്മരിക്കുന്നതിനായാണ് സെപ്തംബര്‍ 28 പേവിഷബാധ ദിനമായി ആചരിക്കുന്നത്.
പേവിഷബാധ
പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ മാരകമായ ജന്തുജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പേവിഷബാധ അഥവാ റാബീസ്. RNA വൈറസ് ആണ് രോഗകാരി. മനുഷ്യരെയും മൃഗങ്ങളെയും ഈ രോഗം മാരകമായി ബാധിക്കുന്നു. നായകളുടെയും പൂച്ചകളുടെയും മറ്റും കടിയേല്‍ക്കുന്നതിലൂടെ അവയുടെ ഉമിനീര് വഴിയാണ് വൈറസ് മനുഷ്യന്റെ മസ്തിഷ്‌കത്തില്‍ എത്തുന്നതും മരണം സംഭവിക്കുന്നതും.
ലോകത്ത് വര്‍ഷംതോറും 60,000 ത്തോളം മരണം സംഭവിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഏകദേശം ഇരുപതിനായിരത്തോളം മരണം നടക്കുന്നത് ഇന്ത്യയിലാണ്. 50 ശതമാനത്തിലധികം മരണം കണ്ടുവരുന്നത് 15 വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ്.
കടിയേറ്റാല്‍
1.കടിയേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.
2.മുറിവില്‍ നിന്നുള്ള രക്തസ്രാവം വൃത്തിയുള്ള തുണികൊണ്ട് തുടച്ചെടുക്കണം
3.ചെറിയ പരുക്കുകളേയുള്ളൂവെങ്കിലും പെട്ടെന്നു തന്നെ വൈദ്യസഹായം തേടണം.
4.കടിയേറ്റ് 24 മണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായും വാക്സീന്‍ എടുത്തിരിക്കണം.
5.മുറിവ് വൃത്തിയാക്കുമ്പോള്‍ കൈകളില്‍ ഗ്ലൗസ് ധരിക്കണം.
6.വളര്‍ത്തുമൃഗങ്ങളില്‍ പൂച്ചയില്‍ നിന്ന് ഏല്‍ക്കുന്ന മാന്ത് പ്രത്യേകം ശ്രദ്ധിക്കണം. ഉമിനീര്‍ കൈകളില്‍ പുരട്ടി ശരീരം വൃത്തിയാക്കുന്ന സ്വഭാവമുള്ളതിനാല്‍ പൂച്ചയില്‍ നിന്ന് വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ്.
7.രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് എടുക്കുന്ന കുത്തിവെപ്പുകള്‍ക്ക് ജീവന്റെ വിലയുണ്ടെന്ന് ഓര്‍മിക്കുക.
പ്രതിരോധം
1.രോഗവാഹകരായ വളര്‍ത്തുമൃഗങ്ങളില്‍ പ്രധാനപ്പെട്ട നായ, പൂച്ച തുടങ്ങിയവക്ക് കൃത്യമായ കാലയളവില്‍ വാക്സീനേഷന്‍ നല്‍കുക.
2.തൊലിപ്പുറത്തെ മാന്തല്‍ , ചെറിയ പോറലുകള്‍ എന്നിവയ്ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍ ഹോസ്പിറ്റല്‍, ജില്ലാ ആശുപത്രി , മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.
3.വളര്‍ത്തുമൃഗങ്ങളിലെ സ്വഭാവമാറ്റം നിരീക്ഷിച്ച് വൈദ്യസഹായം തേടണം.
4.വളര്‍ത്തുമൃഗങ്ങള്‍ തെരുവുനായ്ക്കളുമായും മറ്റും ഇടപെടുന്ന സാഹചര്യം ഒഴിവാക്കണം.
5.2030 ആകുമ്പോഴേക്കും നായ്ക്കള്‍ വഴിയുള്ള പേവിഷബാധയും പേവിഷബാധയേറ്റ മനുഷ്യമരണവും തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത്, ഗ്ലോബല്‍ അലയന്‍സ് ഫോര്‍ റാബീസ് കണ്‍ട്രോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോകമെങ്ങും നടന്നുവരുന്നുണ്ട്.
WHOയുടെ
കോഴ്സ് ചെയ്താലോ?
പേവിഷബാധ ബോധവത്കരണം ലക്ഷ്യം വെച്ച് WHO നടത്തുന്ന രണ്ട് കോഴ്സുകള്‍ നമുക്ക് എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വഴി ചെയ്യാവുന്നതാണ്.
1- Rabies & One Health: From basics to cross-sectoral action to stop human rabies deaths
2- One Health in action against Neglected Tropical Diseases
ഈ കോഴ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ https://openwho.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.