Kerala
എല്ലാ തരം വര്‍ഗീയതയും അപകടകരം: കാന്തപുരം
മമ്പഅ് ലെയ്‌സ് ജൂബിലി സമാപിച്ചു
കൊച്ചി |എല്ലാ തരം വര്‍ഗീയതയും അപകടകരമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നാല് ദിവസമായി എറണാകുളം കരിമുഗള്‍ മമ്പഉല്‍ ഉലൂമില്‍ നടക്കുന്ന ലെയ്‌സ് ജൂബിലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയം കൊണ്ട് ജയിക്കാനാകാത്തവരാണ് വര്‍ഗീയതയുണ്ടാക്കി സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുന്നത്. ഏതെങ്കിലും മതത്തിന്റെ ആശയം മുറുകെ പിടിച്ച് ജീവിക്കുന്നത് വര്‍ഗീയതയല്ല. ഒരു വര്‍ഗത്തിന്റെ ആശയം മറ്റൊരു വര്‍ഗത്തെ അടിച്ചേല്‍പ്പിക്കുന്നതും ആക്ഷേപിക്കുന്നതുമാണ് വര്‍ഗീയത. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളെല്ലാം രാജ്യത്തെ പിറകോട്ട് നയിക്കും. പരസ്പര വിശ്വാസത്തോടെ മനുഷ്യ നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ചാലേ രാഷ്ട്ര പുരോഗതിയുണ്ടാവുകയുള്ളൂ. രാഷ്ട്ര പുരോഗതിയിലേക്ക് നയിക്കുന്ന ചര്‍ച്ചകളാണ് ഉയര്‍ന്നുവരേണ്ടത്. ജനാധിപത്യപരമായ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഫാസിസത്തെ പ്രതിരോധിക്കണം.
മതങ്ങളാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇസ്ലാം ഒരിക്കലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഏത് പ്രതിസന്ധിക്കും ഇസ്ലാമില്‍ പരിഹാരമുണ്ട്. ഇസ്ലാം സമാധാനമാണ് കാംക്ഷിക്കുന്നത്. പരസ്പര സാഹോദര്യവും സഹിഷ്ണുതയും മാത്രമാണ് ഇസ്ലാമിക അധ്യാപനങ്ങളെല്ലാമെന്നും കാന്തപുരം പറഞ്ഞു.
40 ഉലൂമികളും 25 ഹാഫിസീങ്ങളും സമ്മേളനത്തില്‍ സനദ് സ്വീകരിച്ചു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ അധ്യക്ഷത വഹിച്ചു. മമ്പഅ് വൈസ് ചെയര്‍മാന്‍ കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി സ്ഥാന വസ്ത്ര വിതരണം നടത്തി.
വ്യവസായ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം എല്‍ എ, അന്‍വര്‍ സാദത്ത് എം എല്‍ എ, മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, സയ്യിദ് അബ്ദുല്‍ ലത്വീഫ് അഹ്ദല്‍ തങ്ങള്‍ അവേലത്ത്, ഏരൂര്‍ ശംസുദ്ദീന്‍ മദനി അല്‍ ഖാദിരി, സയ്യിദ് സി ടി ഹാഷിം തങ്ങള്‍, മമ്പഅ് പ്രസിഡന്റ് വി എച്ച് ആസാദ് ഹാജി പ്രസംഗിച്ചു.