Connect with us

National

പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു, ജയിലില്‍ മരിക്കുന്നതാണ് ഭേദം; കോടതിയില്‍ വികാരഭരിതനായി നരേഷ് ഗോയല്‍

കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഭാര്യയുടേയും സ്വന്തം ആരോഗ്യാവസ്ഥയും മാനസികാവസ്ഥയും എടുത്ത് പറഞ്ഞാണ് അദ്ദേഹം വികാരഭരിതനായത്.

Published

|

Last Updated

മുംബൈ| പ്രത്യേക കോടതിക്കുമുന്നില്‍ വികാരാധീനനായി വായ്പാത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നതാണെന്ന് ജാമ്യ ഹരജി പരിഗണിക്കവെ ജഡ്ജിക്കുമുന്നില്‍ കണ്ണീരണിഞ്ഞ് കൈകള്‍ കൂപ്പി നരേഷ് ഗോയല്‍ പറഞ്ഞു. കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഭാര്യയുടേയും സ്വന്തം ആരോഗ്യാവസ്ഥയും മാനസികാവസ്ഥയും എടുത്ത് പറഞ്ഞാണ് അദ്ദേഹം വികാരഭരിതനായത്.

തന്റെ ആരോഗ്യനില വളരെ മോശം അവസ്ഥയിലാണ് തുടരുന്നത്. തന്നെ സഹായിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ ജോലി സൗകര്യം കണക്കിലെടുത്ത് സഹതടവുകാര്‍ക്കൊപ്പമാണ് ആശുപത്രിയില്‍ പോകാറ്. ഈ യാത്ര ബുദ്ധിമുട്ടുള്ളതും സഹിക്കാന്‍ കഴിയാത്തതുമാണ്. ആശുപത്രിയില്‍ രോഗികളുടെ തിരക്കുകാരണം ചില സമയത്ത് ഡോക്ടറെ കാണാന്‍ കഴിയാറില്ല. ഇതെല്ലാം ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ജെ ജെ ആശുപത്രിയിലേക്ക് അയക്കുന്നതിനേക്കാള്‍ ജയിലില്‍ മരിക്കുന്നതാണ് ഭേദമെന്നും നരേഷ് ഗോയല്‍ കോടതിയില്‍ പറഞ്ഞു.

കനറാ ബേങ്കുമായി ബന്ധപ്പെട്ട വായ്പാത്തട്ടിപ്പുകേസില്‍ കഴിഞ്ഞ സെപ്തംബര്‍ ഒന്നിനാണ് ഇഡി നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ആര്‍തര്‍ ജയിലിലാണ് അദ്ദേഹം കഴിയുന്നത്. ഗോയലിനെ നിരീക്ഷിച്ചപ്പോള്‍ ശരീരം വിറയ്ക്കുന്നതായും സംസാരിക്കുമ്പോഴും ശരീരം മുഴുവനായും വിറച്ചിരുന്നുവെന്നും ജഡ്ജി കോടതി രേഖകളില്‍ കുറിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കാമെന്ന് ഗോയലിനോട് ജഡ്ജി പറഞ്ഞു.

 

 

 

 

 

Latest