National
എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു; ഹിമാചലിൽ കോൺഗ്രസ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കും: ഡികെ ശിവകുമാർ
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സുഖ്‌വീന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി നിലനിർത്താൻ കോൺഗ്രസ് നിരീക്ഷകർ ശുപാർശ ചെയ്തതായി റിപ്പോർട്ട്
ഷിംല | ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ചതായി കോൺഗ്രസ് നിരീക്ഷകർ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും സുഖ്‌വീന്ദർ സുഖുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നിരീക്ഷകനുമായ ഡി കെ ശിവകുമാർ പറഞ്ഞു. ഹിമാചലിലെ കോൺഗ്രസ് നേതാക്കളായ വിക്രമാദിത്യ സിംഗ്, പ്രതിഭാ സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശിവകുമാർ ഇക്കാര്യം അറിയിച്ചത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സുഖ്‌വീന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി നിലനിർത്താൻ കോൺഗ്രസ് നിരീക്ഷകർ ശുപാർശ ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾക്ക് നിരിക്ഷകൻ രാജീവ് ശുക്ല ഷിംല വിട്ടു. നിരീക്ഷകരായ ഭൂപേന്ദ്ര സിംഗ് ഹൂഡയും ഡി കെ ശിവകുമാറും ഇന്ന് ഷിംലയിൽ നിന്ന് പുറപ്പെടും.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണഗ്രസ് എംഎൽഎമാരമായ ആറ് പേരും കോൺഗ്രസിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതോടെയാണ് ഹിമാചലിൽ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. സാഹചര്യം മുതലെടുത്ത്, മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിനെതിരെ അവിശ്വസ പ്രമേയം കൊണ്ടുവന്ന് ഭരണം അട്ടിമറിക്കാൻ ബിജെപി പദ്ധതിയിട്ടു. എന്നാൽ ക്രോസ് വോട്ട് ചെയ്ത ആറ് എംഎൽഎമാരെയും സ്പീക്കർ ഇന്ന് അയോഗ്യരാക്കിയതോടെ സുഖ്‍വീന്ദർ സർക്കാറിന് താത്കാലിക ആശ്വാസമായി.
ഇന്നലെ സഭയിൽ ധനകാര്യ ബില്ലിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ പാർട്ടി എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ ഈ എംഎൽഎമാർ പാർട്ടി വിപ്പ് ലംഘിച്ചു. ഇക്കാരണത്താലാണ് ഇവരെ അയോഗ്യരാക്കിയത്.
68 അംഗ നിയമസഭയിൽ കോൺഗ്രസ് 40, ബിജെപി 25, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രർ ഉൾപ്പെടെ കോൺഗ്രസിന് 43 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എന്നാൽ അംഗങ്ങൾ കൂറുമാറിയതോടെ ബിജെപിക്ക് കോൺഗ്രസിലെ ആറ് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ലഭിക്കുന്ന സാഹചര്യം ഉയർന്നു. ഇതോടെ ബിജെപിയുടെ കക്ഷിനില 34ലേക്ക് ഉയരുകയും കോൺഗ്രസിന്റെ കക്ഷിനില 34ലേക്ക് താഴുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിൽ കുതിരക്കച്ചവടത്തിലൂടെ ഭരണം അട്ടിമറിക്കാനാണ് ബിജെപി പദ്ധതിയിട്ടിരുന്നത്.
എന്നാൽ ആറ് എംഎൽമാർ അയോഗ്യരാക്കപ്പെട്ടതോടെ സ്ഥിതി കോൺഗ്രസിന് അനുകൂലമായി. ഇതോടെ നിമയസഭയിലെ അംഗങ്ങളുടെ എണ്ണം 62 ആയി ചുരുങ്ങി. 62 അംഗ സഭയിൽ 34 അംഗങ്ങളുടെ പിന്തുണയുള്ള കോൺഗ്രസിന് തത്കാലം ഭീഷണി ഇല്ല.