Connect with us

International

യുക്രെയ്‌നുള്ള എല്ലാ സൈനിക സഹായങ്ങളും മരവിപ്പിച്ചു; സെലന്‍സ്‌കിയ്ക്ക് ട്രംപിന്റെ മറുപടി

ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രെയ്‌ന് സാമ്പത്തിക, ആയുധ സഹായം നല്‍കില്ല.

Published

|

Last Updated

വാഷിങ്ടണ്‍|യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നടന്ന വാക്കേറ്റത്തിനുശേഷം യുക്രെയ്‌നുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവച്ചതായി വൈറ്റ് ഹൗസ്. റഷ്യയുമായുള്ള സമാധാന ചര്‍ച്ചക്ക് തയാറാകാന്‍ യുക്രെയ്ന്‍ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപും സെലെന്‍സ്‌കിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പ്രശ്‌നപരിഹാരത്തിന് തീരുമാനമാകാതെ കൂടിക്കാഴ്ച ഒടുവില്‍ വാക്കേറ്റത്തില്‍ കലാശിച്ചു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ കടുത്ത നടപടി.

ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രെയ്‌ന് സാമ്പത്തിക, ആയുധ സഹായം നല്‍കില്ല. പ്രശ്ന പരിഹാരത്തിന് യുക്രെയ്ന്‍ സമ്മതിച്ചാല്‍ മാത്രമേ ഇനി സഹായിക്കൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

യുക്രെയ്‌നിലെ ധാതു വിഭവങ്ങള്‍ സംബന്ധിച്ച് അമേരിക്കയുമായി കരാറില്‍ ഒപ്പിടാന്‍ താന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വ്ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചിരുന്നു. എന്നാല്‍ ഒരു കരാറുമില്ലാതെയാണ് അദ്ദേഹം വാഷിങ്ടണില്‍ നിന്ന് മടങ്ങിയത്. യുക്രെയ്നും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ കണ്ടത്. പക്ഷേ യുഎസും യുക്രെയ്നും തമ്മിലുള്ള പിരിമുറുക്കം ഏറിയ സാഹചര്യമാണുള്ളത്.

വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ക്ഷണിച്ചാല്‍ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. യുക്രെയ്ന്റെ ഭൂമി റഷ്യയ്ക്ക് വിട്ടുനല്‍കില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ച വാക്പോരില്‍ കലാശിച്ചതിന് പിന്നാലെ അമേരിക്കയ്ക്കും ട്രംപിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു സെലന്‍സ്‌കി രംഗത്തെത്തിയത്. അമേരിക്ക നല്‍കിയ പിന്തുണയ്ക്കും സൈനിക സഹായത്തിനും നന്ദി പറയുന്നതായും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.