Connect with us

National

19 പോലീസ് സ്‌റ്റേഷനുകൾ ഒഴികെ മണിപ്പൂർ മുഴുവനും പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിച്ചു

നടപടി കാണാതായ രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ വിദ്യാർഥി പ്രതിഷേധം ശക്തമായതിന് പിന്നാലെ

Published

|

Last Updated

ഇംഫാൽ | കാണാതായ രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ വിദ്യാർഥി പ്രതിഷേധം ശക്തമായതിന് പിന്നാലെ, 19 പോലീസ് സ്‌റ്റേഷനുകൾ ഒഴികെ മണിപ്പൂർ മുഴുവനും പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിൽ പലയിടത്തും വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ചൊവ്വാഴ്ച പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒക്‌ടോബർ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്ക് സംസ്ഥാനത്തെ അസ്വസ്ഥതയുള്ള പ്രദേശമായാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, 19 പോലീസ് സ്റ്റേഷൻ പരിധികൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇംഫാൽ, ലെൻഫ്ലെ, സിറ്റി, സിങ്‌ജ്‌മേയ്, സെക്‌മായി, ലാംസാങ്, പാറ്റ്‌സോയ്, വാംഗോയ്, പോറോമ്പാട്ട്, ഹാംഗേങ്, ലാംലായ്, ഇറിൽബംഗ്, ലെംഖോങ്, തോബുൾ, ബിഷ്ണുപൂർ, നംബോൾ, മൊയ്‌റോംഗ്, കാക്‌ചിംഗ്, ജിരിബാം സ്റ്റേഷനുകളെയാണ് ഒഴിവാക്കിയത്.

ബുധനാഴ്ച തുടർച്ചയായ രണ്ടാം ദിവസവും മണിപ്പൂരിൽ പ്രതിഷേധം അരങ്ങേറി. ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഈ സമയം പോലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്ന് ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ആദിവാസികളെ കൊലപ്പെടുത്തിയതിനും ബലാത്സംഗം ചെയ്തതിനും സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത് വൈകുന്നതിനെതിരെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐടിഎൽഎഫ്) വനിതാ വിഭാഗവും ചുരാചന്ദ്പൂരിൽ പ്രകടനം നടത്തി.

അതേസമയം, വിദ്യാർത്ഥിയുടെ കൊലപാതകം അന്വേഷിക്കാൻ സിബിഐ ഇന്ന് ഇംഫാലിലേക്ക് പോകും. മുഖ്യമന്ത്രി എൻ ബിരേൻ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ചു പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ല. വൈകാതെ എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest