Kerala
കോവൂരില്‍ രാത്രികാല കടകള്‍ 11 മണിക്ക് അടയ്ക്കാന്‍ സർവകക്ഷിയോഗത്തില്‍ തീരുമാനം
ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് | കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോഡിലെ ഫുഡ് സ്ട്രീറ്റിന്റെ പ്രവര്‍ത്തി സമയം 11 മണിവരെയായി കുറക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.നിലവിലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങള്‍ക്കും പരിഹാരമായിട്ടാണ് തീരുമാനം.മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.രാത്രി 10.30ഓടോ വ്യാപാരം അവസാനിപ്പിക്കണം.11 മണിക്ക് കടകള്‍ അടക്കണം.റോഡരികിലെ പാര്‍ക്കിങ്ങ് പൂര്‍ണമായും നിരോധിക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.പ്രദേശത്ത്
സിസിടിവികള്‍ സ്ഥാപിക്കുകയും സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ഒരു മാസത്തിന് ശേഷം സബ് കമ്മിറ്റി വിഷയം ഒന്നുകൂടി പരിശോധിക്കും.
കോവൂര്‍- ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് പൊലീസ് സര്‍വകക്ഷി യോഗം വിളിച്ചത്.
കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോഡില്‍ രാത്രികാലത്ത് നിരവധി കടകളാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കുന്ന കടകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വലിയ തുക നിക്ഷേപിച്ച് തുടങ്ങിയ കടകള്‍ പെട്ടെന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍ .ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കില്‍ അത് നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ടത് പോലീസാണെന്ന് കടക്കാര്‍ വ്യക്തമാക്കുന്നത്.