Connect with us

National

അഞ്ച്, എട്ട് ക്ലാസുകളില്‍ ഓള്‍ പാസ് രീതി ഇനിയില്ല; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

.കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 3,000ത്തിലധികം സ്‌കൂളുകള്‍ക്ക് പുതിയ ഭേദഗതി ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി \  വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ . അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് നല്‍കി വന്നിരുന്ന ഓള്‍ പാസ് രീതിയാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ പാസും നല്‍കി ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതി എടുത്തുകളഞ്ഞത്. പകരം അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ തോറ്റാല്‍ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. രണ്ടുമാസത്തിനകം തോറ്റ വിദ്യാര്‍ഥികള്‍ വീണ്ടും വാര്‍ഷിക പരീക്ഷ എഴുതണം. ഇതിലും തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല. അവര്‍ വീണ്ടും ആ വര്‍ഷം ആ ക്ലാസില്‍ തന്നെ ഇരിക്കേണ്ടതായി വരും. എന്നിരുന്നാലും, പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയെയും ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

.കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 3,000ത്തിലധികം സ്‌കൂളുകള്‍ക്ക് പുതിയ ഭേദഗതി ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഇതിനകം 16 സംസ്ഥാനങ്ങളും ഡല്‍ഹി ഉള്‍പ്പെടെയുള്ള രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഈ രണ്ട് ക്ലാസുകള്‍ക്ക് ഓള്‍പാസ് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ ഈവര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് വേണ്ട എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കെഎസ്ടിഎ അടക്കമുള്ള ഇടത് സംഘടനകള്‍ ഇതില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ്. അടുത്ത വര്‍ഷം ഇത് ഒന്‍പതാം ക്ലാസിലേക്ക് കൂടി വിപുലീകരിക്കും. 2026-27 അക്കാദമിക വര്‍ഷം പത്ത് വരെയുള്ള ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് സമാനമായി സബ്ജക്ട് മിനിമം കൊണ്ടുവരാനാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം.

 

Latest