Kerala
പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു; മൂന്നാമതും അധികാരത്തിലെത്തുമെന്ന് എം വി ഗോവിന്ദന്‍
ആശ വര്‍ക്കര്‍മാരുടെ സമര നേതൃരംഗത്ത് കേരളത്തിന്റെ വികസനത്തിനെതിരായ ടീമുകളുമുണ്ടെന്ന് വിമർശം

തിരുവനന്തപുരം | പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും ഒറ്റക്കെട്ടായാണ് സമ്മേളനത്തിലേക്ക് നീങ്ങുന്നതെന്നും മൂന്നാം തവണയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാണ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയത്. നവകേരളത്തിനുള്ള പുതിയ വഴികള്‍ പിണറായി വിജയന്‍ അവതരിപ്പിക്കും. മൂന്നാമതും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നതിന് പിണറായിയുടെ ഇളവ് പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനിച്ചതാണ്. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ചര്‍ച്ച സമ്മേളനത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തുടര്‍ച്ചക്ക് ദിശാബോധം നല്‍കുന്ന ചര്‍ച്ചകള്‍ നടക്കും. ഉപതിരഞ്ഞെടുപ്പില്‍ ഏഴ് വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് മൂന്നാമതാണ്. കോണ്‍ഗ്രസ്സ് വാര്‍ഡില്‍ എസ് ഡി പി ഐ ജയിച്ചു. യു ഡി എഫ് വോട്ട് എസ് ഡി പി ഐക്ക് അനുകൂലമായി മാറ്റിയതിനാലാണിതെന്ന് ഗോവിന്ദന്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കുപോക്കുകളായി ഇതിനെ കാണണം. തിരുവനന്തപുരം കോര്‍പറേഷന്‍ ശ്രീവരാഹം ഡിവിഷനില്‍ കോണ്‍ഗ്രസ്സ് വോട്ട് ബി ജെ പിക്ക് നല്‍കി. കോണ്‍ഗ്രസ്സ് വോട്ട് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സര്‍ക്കാറിനെക്കുറിച്ച് ജനങ്ങളുടെ താത്പര്യം കൂടി. ആശാവര്‍ക്കര്‍മാര്‍ ശത്രുവല്ല, അദാനിയും അമ്പാനിയുമെല്ലാമാണ് ശത്രുക്കള്‍. ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് കേരളത്തിലാണ്. അവരുടെ പ്രശ്‌നം പരിഹരിക്കണം. ആശ വര്‍ക്കര്‍മാരുടെ സമരം തുടങ്ങിയത് സി ഐ ടി യുവാണ്. സമരവും നേതൃത്വം നല്‍കുന്നവരും തമ്മില്‍ വ്യത്യാസമുണ്ട്. നേതൃത്വത്തില്‍ എസ് ഡി പി ഐ ഉണ്ട്, ജമാഅത്തെയുണ്ട്, എസ് യു സി ഐ ഉണ്ട്. കേരളത്തിന്റെ വികസനത്തിന് എതിരായ ടീമാണിതെന്നും അദ്ദേഹം ആരോപിച്ചു.