Uae
ദുബൈയിലെ എല്ലാ റോഡുകളും ഇന്റലിജന്റ് ട്രാഫിക് സിസ്റ്റത്തിന്റെ പരിധിയില്‍ വരും
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് പദ്ധതി.
ദുബൈ| റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് മെച്ചപ്പെടുത്തല്‍ വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഠനവും രൂപകല്‍പ്പനയും ആരംഭിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് പദ്ധതി. എമിറേറ്റിലെ പ്രധാന റോഡുകളുടെ 100 ശതമാനവും കോഓപ്പറേറ്റീവ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് പോലുള്ള ഏറ്റവും പുതിയ ഇന്റലിജന്റ് ടെക്നോളജികളും സോഫ്റ്റ്വെയറുകളും ഉപയോഗിച്ച് കവര്‍ ചെയ്യുകയാണ് ഇത് ലക്ഷ്യമാക്കുന്നത്.
ഐ ടി എസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 2026ഓടെ പ്രധാന റോഡ് ശൃംഖലയുടെ കവറേജ് നിലവിലെ 60ല്‍ നിന്ന് 100 ശതമാനമായി വികസിപ്പിക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. സിസ്റ്റം ഉള്‍ക്കൊള്ളുന്ന റോഡ് ശൃംഖലയുടെ 480 കിലോമീറ്റര്‍ മുതല്‍ 710 കിലോമീറ്റര്‍ വരെ നീളും. റോഡ് നെറ്റ്വര്‍ക്ക് മാനേജ്മെന്റും ട്രാഫിക് ഫ്‌ലോയും മെച്ചപ്പെടുത്തുന്നതും മെച്ചപ്പെട്ട നിരീക്ഷണം, വേഗത്തിലുള്ള പ്രതികരണ സമയം, പുതിയ വേരിയബിള്‍ മെസേജ് സൈനുകള്‍ (വി എം എസ്), സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ എന്നിവ വഴി റോഡ് ശൃംഖലയുടെ അവസ്ഥയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് തല്‍ക്ഷണം വിവരങ്ങള്‍ നല്‍കുകയും ട്രാഫിക് ഫലപ്രദമായി വിതരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.
പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ 116 ട്രാഫിക് നിരീക്ഷണ കാമറകള്‍ ഉള്‍പ്പെടുത്തി. മൊത്തം 311 കാമറകളായി. 100 സംഭവ നിരീക്ഷണ, വെഹിക്കിള്‍ കൗണ്ടിങ് ഉപകരണങ്ങള്‍ മൊത്തം 227 ആയി. 17 കാലാവസ്ഥ സെന്‍സര്‍ സ്റ്റേഷനുകള്‍, 660 കിലോമീറ്റര്‍ വൈദ്യുത പവര്‍ ലൈനുകളും മൊത്തം 820 കിലോമീറ്റര്‍ നീളമുള്ള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയും നിര്‍മ്മിച്ചു. അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ്ട്രാഫിക് സിസ്റ്റംസ് സെന്റര്‍ വഴിയാണ് ആര്‍ടിഎ എമിറേറ്റിലെ ട്രാഫിക് നിയന്ത്രിക്കുന്നത്.
ട്രാഫിക് നിയന്ത്രിക്കുന്നതിനുള്ള നിര്‍ണായക കേന്ദ്രമാണ് ഐ ടി എസ് സെന്റര്‍.
സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനും പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, നൂതന ആശയവിനിമയ സംവിധാനങ്ങള്‍, വിവിധ മോണിറ്ററിംഗ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ഒരു സംയോജിത സാങ്കേതിക പ്ലാറ്റ്ഫോം ആണ് ഇവിടെ സജ്ജീകരിച്ചത്.