Connect with us

Kerala

പതിനാറ് പേരും ശിക്ഷിക്കപ്പെടണം, നീതി തേടി സുപ്രീം കോടതി വരെ പോകും; വിധിയില്‍ പ്രതികരണവുമായി മധുവിന്റെ കുടുംബം

മധുവിന് നീതി കിട്ടിയെന്ന് പറയാനാകില്ല

Published

|

Last Updated

പാലക്കാട്  | മധുവിനെ കൊലപ്പെടുത്തിയതില്‍ എല്ലാവരും കുറ്റക്കാരാണെന്ന് മധുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് പേരെ വെറുതെ വിട്ടതില്‍ വിഷമമുണ്ടെന്ന് മധുവിന്റെ സഹോദരിയും പ്രതികരിച്ചു. ഇതിനെതിരെ വേണ്ടി വന്നാല്‍ സുപ്രീംകോടതി വരെ പോകും.കേസ് ഇവിടെ വരെ എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ അതില്‍ സന്തോഷമുണ്ട്. കോടതിയോട് നന്ദി പറയുന്നു. മധുവിന് നീതി കിട്ടിയെന്ന് പറയാനാകില്ല. പതിനാറ് പേരും ശിക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണ് പോരാടിയത്. എന്നാല്‍ രണ്ട് പേരെ വെറുതെ വിട്ടു. ഇവരെ കൂടി ശിക്ഷിക്കുന്നതിനായി പോരാടും. ഇപ്പോളും തങ്ങള്‍ ഭീഷണിയുടെ നിഴലിലാണെന്നും സഹോദരി പറഞ്ഞു

കേസില്‍ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുല്‍ കരീമിനെയുമാണ് വെറുതെ വിട്ടത്. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ധീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കെതിരെയുള്ള 304(2) വകുപ്പ് തെളിഞ്ഞതായും കോടതി വ്യക്തമാക്കി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. പതിനാറാം പ്രതിക്കെതിരെ 352 വകുപ്പ് മാത്രമാണ് തെളിഞ്ഞിരിക്കുന്നത്. കേസില്‍ ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

 

Latest