Connect with us

rahul gandhi

'കള്ളന്മാര്‍ക്കെല്ലാം മോദിയെന്ന കുടുംബപ്പേര്': മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തടവുശിക്ഷ, ജാമ്യം

വിധി പ്രസ്താവം കേള്‍ക്കുന്നതിന് രാഹുല്‍ കോടതിയില്‍ നേരിട്ടെത്തിയിരുന്നു.

Published

|

Last Updated

സൂറത്ത് | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ കള്ളന്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം പി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിൽ രണ്ട് വർഷം തടവുശിക്ഷയും വിധിച്ചു. ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച് എച്ച് വർമയാണ് അല്പസമയം മുമ്പ് വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവം കേള്‍ക്കുന്നതിന് രാഹുല്‍ കോടതിയില്‍ നേരിട്ടെത്തിയിരുന്നു. അതേസമയം, സെഷന്‍സ് കോടതി തടവുശിക്ഷ 30 ദിവസത്തേക്ക് സ്റ്റേ ചെയ്തു. ഇതിനാല്‍ മേല്‍ക്കോടതിയില്‍ അപ്പീലിന് പോകാം. ഇതിനായി ജാമ്യവും അനുവദിച്ചു. പതിനായിരം രൂപയുടെ ജാമ്യമാണ് അനുവദിച്ചത്.

എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന പൊതു കുടുംബപ്പേരുണ്ടെന്ന പരാമര്‍ശമാണ് കേസിന് ആധാരം. ഇത് മോദി സമുദായത്തെ ഒന്നാകെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബി ജെ പിയുടെ എം എല്‍ എയും മുൻമന്ത്രിയുമായ പുര്‍നേഷ് മോദിയാണ് പരാതി നല്‍കിയത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോളാറില്‍ വെച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. സാമ്പത്തിക തട്ടിപ്പ് കേസുകളെ തുടര്‍ന്ന് രാജ്യം വിട്ട ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമര്‍ശിച്ച് നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയത്. രണ്ട് വർഷം ജയിൽ ശിക്ഷയായതിനാൽ രാഹുലിന് ലോക്സഭാംഗത്വം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

Latest