National
താജ്മഹലിന്റെ 20 മുറികള്‍ തുറക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി; ഹര്‍ജിക്കാരന് കടുത്ത ശാസന
താജ്മഹലിലെ 22 മുറികളില്‍ 20 എണ്ണം തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അയോധ്യ മീഡിയ ഇന്‍ചാര്‍ജ് ഡോ. രജനീഷ് സിംഗ് ആണ് മെയ് 7 ന് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ന്യൂഡല്‍ഹി | താജ്മഹലിന്റെ ബേസ്മെന്റില്‍ നിര്‍മ്മിച്ച 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി ഹരജിക്കാരനെ ശക്തമായി ശാസിച്ചു. ഹര്‍ജിക്കാരന്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ ദുരുപയോഗം ചെയ്യരുതെന്ന് ജസ്റ്റിസ് ഡികെ ഉപാധ്യായ പറഞ്ഞു.
താജ്മഹലിലെ 22 മുറികളില്‍ 20 എണ്ണം തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അയോധ്യ മീഡിയ ഇന്‍ചാര്‍ജ് ഡോ. രജനീഷ് സിംഗ് ആണ് മെയ് 7 ന് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ മുറികളില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അടച്ചിട്ടിരിക്കുന്ന ഈ മുറികള്‍ തുറന്ന് അതിന്റെ രഹസ്യം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഹരജി ആദ്യം പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി പിന്നീട് വാദം കേള്‍ക്കാന്‍ തയ്യാറാകുകയായിരുന്നു.
റൂള്‍ 226 പ്രകാരം താജ്മഹലിന്റെ ചരിത്രം പഠിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. ‘ ആദ്യം താജ്മഹല്‍ പണിതത് ആരാണെന്ന് പോയി അന്വേഷിക്കൂ. ഒരു സര്‍വ്വകലാശാലയില്‍ പോകുക, അവിടെ താജ്മഹലില്‍ പിഎച്ച്ഡി ചെയ്യുക. എന്നിട്ട് കോടതിയില്‍ വരണം. താജ്മഹലിനെക്കുറിച്ച് ഗവേഷണം നടത്തുന്നതില്‍ നിന്ന് ആരെങ്കിലും ഞങ്ങളെ തടയുകയാണെങ്കില്‍, ഞങ്ങളുടെ അടുത്തേക്ക് വരൂ. നാളെ നിങ്ങള്‍ ഇവിടെ വന്ന് ജഡ്ജിമാരുടെ ചേംബറില്‍ പോകണമെന്നും നിങ്ങള്‍ പറയും’ – കോടതി ഹരജിക്കാരനോട് പറഞ്ഞു. നിങ്ങള്‍ പറയുന്നതനുസരിച്ച് ചരിത്രം പഠിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
താജ്മഹലിന്റെ മുറികള്‍ തുറക്കുകയെന്നത് നിങ്ങളുടെ അവകാശമോ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതോ ആയ കാര്യമല്ല. നിങ്ങളുടെ വാദത്തോട് ഞങ്ങള്‍ യോജിക്കുന്നില്ലെന്നും ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസുമാരായ ഡി.കെ ഉപാധ്യായ, സുഭാഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയിലെ ആവശ്യങ്ങള്‍ ജുഡീഷ്യല്‍ നടപടികളില്‍ തീര്‍പ്പാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. താജ്മഹലുമായി ബന്ധപ്പെട്ട ഗവേഷണം ഒരു അക്കാദമിക് പ്രവര്‍ത്തനമാണെന്നും ജുഡീഷ്യല്‍ നടപടികളില്‍ ഉത്തരവിടാനാകില്ലെന്നും കോടതി പറഞ്ഞു.
വാദങ്ങള്‍ക്ക് ശേഷം, ബെഞ്ച് ഹര്‍ജി തള്ളാന്‍ പോകുമ്പോള്‍, ഹരജി പിന്‍വലിക്കാനും മെച്ചപ്പെട്ട നിയമ ഗവേഷണത്തോടെ മറ്റൊരു പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കാനും ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഈ ആവശ്യവും ബെഞ്ച് പരിഗണിച്ചില്ല.