National
രാഹുലിന് ഇരട്ട പൗരത്വമെന്ന് ആരോപണം; ഹർജിയിൽ കേന്ദ്രത്തിന്റെ വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ലഖ്‌നൗ | ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇരട്ട പൗരത്വം വഹിക്കുന്നുവെന്ന പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നോട്ടീസ് അയച്ച് അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം കൂടി വഹിക്കുന്നുണ്ടോ എന്നതിൽ മെയ് 5-നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി മന്ത്രാലയത്തിന് നിർദേശം നൽകി. കർണാടകയിലെ ബിജെപി അംഗവും അഭിഭാഷകനുമായ എസ്. വിഗ്നേഷ് ശിശിർ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. ഇരട്ട പൗരത്വം വഹിക്കുന്നു എന്ന് തെളിഞ്ഞാൽ രാഹുലിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ അത് ബാധിക്കും.
രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് അത്താഉ റഹ്മാൻ മസൂദിയും ജസ്റ്റിസ് അജയ് കുമാർ ശ്രീവാസ്തവയും അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര സർക്കാർ ഈ നിലപാട് അറിയിച്ചത്. ശിശിർ ഉന്നയിച്ച ചോദ്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ ഇന്ന് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു. എന്നാൽ, സ്റ്റാറ്റസ് റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അതൃപ്തി പ്രകടിപ്പിക്കുകയും കൂടുതൽ വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകനോട് ആവശ്യപ്പെടുകയുമായിരുന്നു.
പരിഷ്കരിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഫയൽ ചെയ്യാൻ 10 ദിവസം കൂടി വേണമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനാൽ, ഹൈക്കോടതി ഈ ആവശ്യം അംഗീകരിക്കുകയും കേസ് മെയ് 5-ന് അടുത്ത വാദം കേൾക്കുന്നതിനായി മാറ്റിവെക്കുകയും ചെയ്തു.
രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വത്തെക്കുറിച്ച് ആരോപിച്ചുള്ള പൊതുതാൽപ്പര്യ ഹർജി കഴിഞ്ഞ വർഷം ജൂലൈയിലാണ് ഫയൽ ചെയ്തത്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂ എന്നതിനാൽ, രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കണമെന്നുമാണ് ശിശിർ ഹർജിയിൽ ആവശ്യപ്പെടുന്നത്.
രാഹുൽ ഗാന്ധി ഇന്ത്യൻ, ബ്രിട്ടീഷ് പൗരത്വം വഹിക്കുന്നുണ്ടെന്ന വാദത്തിന് പിന്തുണ നൽകുന്ന ഇമെയിലുകൾ അടങ്ങിയ രേഖകൾ തൻ്റെ പക്കലുണ്ടെന്ന് ഹർജിക്കാരൻ അവകാശപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളെ പരാതിയുമായി സമീപിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നും ശിശിർ ഹരജിയിൽ പറയുന്നു.
രാഹുൽ ഗാന്ധി പൗരത്വ നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചുള്ള പരാതി സർക്കാർ അധികാരികൾ അവഗണിച്ചതിനാൽ അവസാന ശ്രമമെന്ന നിലയിലാണ് പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നിയമം ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. രാഹുലിന് ഇന്ത്യൻ പൗരത്വത്തിന് പുറമെ ബ്രിട്ടീഷ് പൗരത്വം കൂടി ഉണ്ടന്നെ് തെളിഞ്ഞാൽ റായ്ബറേലി മണ്ഡലത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തന്നെ അസാധുവാകുന്ന സ്ഥിതിയുണ്ടാകും.