Kerala
രഞ്ജിത്തിനെതിരായ ആരോപണം; നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല, നിയമാനുസൃതമുള്ള നടപടി സർക്കാർ സ്വീകരിക്കും: എം ബി രാജേഷ്
നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം

കോട്ടയം | ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. നടി ശ്രീലേഖയുടെയും രഞ്ജിത്തിന്റെയും അഭിപ്രായമാണ് വന്നത്. പരാതി സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളമെന്നും നിയമത്തിന് മുകളില്‍ ഒന്നും പറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പരാതികളൊന്നും സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ല.പരാതി ലഭിച്ചു കഴിഞ്ഞാല്‍ നിയമാനുസൃതം ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് ഒഴിഞ്ഞേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് രാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എല്‍ ഡി എഫ് ഘടകകക്ഷിയായ സിപിഐ അടക്കമുള്ള സംഘടനകള്‍ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ടത് സര്‍ക്കാറിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. സര്‍ക്കാര്‍ തന്നെ പ്രതിക്കൂട്ടിലാകുന്ന സാഹചര്യത്തില്‍ രാജി വാങ്ങി വിഷയം തണുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.