Connect with us

Kerala

രഞ്ജിത്തിനെതിരായ ആരോപണം: സജി ചെറിയാനെ തള്ളി നിരവധിപേര്‍ രംഗത്ത്

ഹേമ കമ്മറ്റി ഒരു ജുഡീഷ്യല്‍ കമ്മറ്റിയല്ലെന്നും അതിനാല്‍ പരാതികള്‍ വരാതെ സര്‍ക്കാരിന് കേസ് എടുക്കാന്‍ സാധിക്കില്ലെന്നുമുളള സര്‍ക്കാര്‍ നിലപാട് ബൃന്ദ കാരാട്ട് ആവര്‍ത്തിച്ചു. ഏതെങ്കിലും ഒരു സ്ത്രീയെങ്കിലും തീര്‍ച്ചയായും പരാതിയുമായി മുന്നോട്ടുവരണമെന്നും കൂട്ടിച്ചേര്‍ത്തു.

Published

|

Last Updated

തിരുവനന്തപുരം | സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളി നിരവധി പേര്‍ രംഗത്ത്. രാഷ്ട്രീയമായി വിവരമില്ലെന്ന് തെളിയിക്കുകയാണ് സജി ചെറിയാനെന്ന് ആഷിഖ് അബു പ്രതികരിച്ചു. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമല്ല സജി ചെറിയാന്‍ പറയുന്നതെന്നും എത്രയും പെട്ടെന്ന് സജി ചെറിയാന് പാര്‍ട്ടി ക്ലാസ് നല്‍കണമെന്നും ആഷിഖ് അബു പറഞ്ഞു.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് കരുതുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും പറഞ്ഞു. സര്‍ക്കാരിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടും. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാല്‍ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാല്‍ രഞ്ജിത്തിനെ മാറ്റണമെന്നും സതീദേവി പറഞ്ഞു.

അതേസമയം ഹേമ കമ്മറ്റി ഒരു ജുഡീഷ്യല്‍ കമ്മറ്റിയല്ലെന്നും അതിനാല്‍ പരാതികള്‍ വരാതെ സര്‍ക്കാരിന് കേസ് എടുക്കാന്‍ സാധിക്കില്ലെന്നുമുളള സര്‍ക്കാര്‍ നിലപാട് ബൃന്ദ കാരാട്ട് ആവര്‍ത്തിച്ചു. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയില്‍ ആണെന്നും അവര്‍ പറഞ്ഞു.
പരാതി നല്‍കിയാല്‍ മാത്രമേ നടപടിയുണ്ടാകൂ. ഏതെങ്കിലും ഒരു സ്ത്രീയെങ്കിലും തീര്‍ച്ചയായും പരാതിയുമായി മുന്നോട്ടുവരണമെന്നും കൂട്ടിച്ചേര്‍ത്തു.

ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനെതിരെ ആരോപണം ഉന്നയിച്ച അടിസ്ഥാനത്തില്‍
രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മങ്കൂട്ടത്തില്‍ പറഞ്ഞു. സജി ചെറിയാന്‍ പവര്‍ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി നിര്‍ത്തണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

നടിയുടെ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുക്കില്ലെന്നായിരുന്നു നേരത്തെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ മാറ്റില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാക്കുമെന്ന് മന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Latest