kerala ncp
വധശ്രമ ആരോപണം: തോമസ് കെ തോമസ് എം എൽ എക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി
ഇന്ന് തന്നെ എം എൽ എക്കെതിരെ നടപടിയുണ്ടാവുമെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം | പാർട്ടിയിലെ ചിലർ തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച തോമസ് കെ തോമസ് എം എൽ എക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി എൻ സി പി. മന്ത്രി എ കെ ശശീന്ദ്രനും പി സി ചാക്കോയും നേതൃത്വം നൽകുന്ന വിഭാഗമാണ് കുട്ടനാടൻ എം എൽ എക്കെതിരെ പരാതി നൽകിയത്. പാർട്ടിയെ പൊതു ജനമധ്യത്തിൽ അപമാനിച്ചു എന്ന പരാതിയായതിനാൽ, ഇന്ന് തന്നെ എം എൽ എക്കെതിരെ നടപടിയുണ്ടാവുമെന്നാണ് റിപ്പോർട്ട്.
പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ ശ്രദ്ധയിൽ വർക്കിംഗ് കമ്മിറ്റി അംഗമായ തോമസ് എം തോമസിൻ്റെ വിഷയം ശശീന്ദ്രനും ചാക്കോയും എത്തിച്ചിട്ടുണ്ട്. പാർട്ടി പദവിയിൽ നിന്ന് മാറ്റണമെന്നാണ് ആവശ്യം. അതേസമയം, പരാതികളുമായി മുന്നോട്ടുപോകാനാണ് തോമസ് കെ തോമസിൻ്റെ തീരുമാനം.
നേതൃത്വത്തിനെതിരെ കൂടുതൽ ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കും. ആരെയും വധിക്കാനുള്ള പക്വത തനിക്കില്ലെന്ന് തോമസ് കെ തോമസ് ഇന്നും പറഞ്ഞു. എൻ സി പി ദേശീയ നേതൃത്വത്തിലുള്ള സുപ്രിയ സുലെയെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു. വധിക്കാൻ ശ്രമിച്ചുവെന്നത് ഗുരുതര വിഷയമാണെന്നും പോലീസ് അന്വേഷിക്കട്ടേയെന്നും എ കെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. എന്തിനാണ് വധശ്രമത്തെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നതെന്നും പാർട്ടിയിൽ ഈ പരാതി ഇതു വരെ ഉന്നയിച്ചില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.