Connect with us

Kerala

കൈക്കൂലി ആരോപണം; അഖില്‍ മാത്യുവിനെ പിന്തുണച്ചും അഖില്‍ സജീവിനെ തള്ളിയും സി പി എം

സി ഐ ടി യു ലെവി ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയയാളാണ് അഖില്‍ സജീവ് എന്നും എന്നാല്‍, അഖില്‍ മാത്യു അത്തരക്കാരനല്ലെന്നും പാര്‍ട്ടി.

Published

|

Last Updated

പത്തനംതിട്ട | മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിവാദം കൊഴുക്കവേ, ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനെ പിന്തുണച്ചും ഇടനിലക്കാരനായ അഖില്‍ സജീവിനെ തള്ളിയും പത്തനംതിട്ട സി പി എം. സി ഐ ടി യു ലെവി ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയയാളാണ് അഖില്‍ സജീവ് എന്നും എന്നാല്‍, അഖില്‍ മാത്യു അത്തരക്കാരനല്ലെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ബി ഹര്‍ഷകുമാര്‍ പറഞ്ഞു. ഫണ്ട് തട്ടിപ്പില്‍ ക്രിമിനല്‍ കേസ് കോടതിയുടെ പരിഗണനയിലാണ്. അതേസമയം, അഖില്‍ മാത്യുവിനെതിരെ അത്തരം പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഹര്‍ഷകുമാര്‍ വ്യക്തമാക്കി.

സി ഐ ടി യു ഓഫീസ് സെക്രട്ടറിയായിരിക്കെയാണ് അംഗങ്ങളുടെ ലെവിയില്‍ അഖില്‍ സജീവ് തട്ടിപ്പ് നടത്തിയതെന്ന് ഹര്‍ഷകുമാര്‍ പറയുന്നു. വ്യാജ സീലും വ്യാജ ഒപ്പും ഇട്ട് ബേങ്കിന്റെ വ്യാജ വൗച്ചര്‍ വരെ ഉണ്ടാക്കി മൂന്ന് ലക്ഷത്തോളം രൂപ വരെ ഇത്തരത്തില്‍ തട്ടിയെടുത്തു. ഇതിനു പുറമേ, ടൂറിസം വകുപ്പിലും ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലും ജോലി ശരിയാക്കി നല്‍കാമെന്ന് ഉറപ്പു നല്‍കി ഇയാള്‍ പണം വാങ്ങിയതായും ഹര്‍ഷകുമാര്‍ ആരോപിച്ചു.

മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വിശദീകരണം തേടിയപ്പോള്‍ അഖില്‍ സജീവ് ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ പിന്നാലെ സി ഐ ടി യുവിന് പരാതി ലഭിച്ചതോടെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ നീക്കുകയായിരുന്നു. തൊഴിലാളികളുടെ ബോണസ് വിഹിതമുള്‍പ്പെടെ ചേര്‍ത്ത് ലെവി ഫണ്ടില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍ നല്ലൊരു വിഹിതം സി ഐ ടി യു തിരിച്ചുപിടിച്ചെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.

ഈ സംഭവത്തില്‍ സി ഐ ടി യുവും ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഇരയായ ആളുകളും അഖില്‍ സജീവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആ കേസുകള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അഖില്‍ സജീവ് മന്ത്രിയുടെ സ്റ്റാഫിലില്ലെന്നും പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഹര്‍ഷകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest