Connect with us

Ongoing News

കൈക്കൂലി ആരോപണം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗ്ലാസ് പൈപ്പുമായി പിടിയിലായ യുവാക്കളിൽ നിന്ന് കൈക്കൂലി വാങ്ങി വിട്ടയക്കുകയായിരുന്നു

Published

|

Last Updated

സുൽത്താൻ ബത്തേരി| മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണവുമായി കാറില്‍ യാത്ര ചെയ്ത യുവാക്കളെ കൈക്കൂലി വാങ്ങി വിട്ടയച്ചെന്ന പരാതിയില്‍ ആരോപിതരായ എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ പ്രഭാകരന്‍, കെ വി ഷാജി മോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ കെ സുധീഷ് എന്നിവരെയാണ് എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവിയുടേയും എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ആയതിന്റെ സുഗമമായ നടത്തിപ്പിനായാണ് കുറ്റാരോപിതരെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തുന്നതുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ബംഗളൂരില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ച ശേഷം തിരികെ വരികയായിരുന്ന കോഴിക്കോട് സ്വദേശികളായ യുവാക്കളുടെ കാറില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗ്ലാസ് പൈപ്പ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കേസെടുക്കുന്നതില്‍ നിന്നും ഒഴിവാക്കാനായി യുവാക്കളുടെ കൈവശമുണ്ടായിരുന്ന 10,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, ഇന്ധധനമടിക്കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 2,000 രൂപ കുറച്ച് 8000 രൂപ ഉദ്യോഗസ്ഥന്‍ വാങ്ങിയെന്നാണ് യുവാക്കളുടെ പരാതി.

പിന്നീട് പോലീസ് യുവാക്കളെ പിടികൂടിയപ്പോഴാണ് ഇക്കാര്യം യുവാക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയും എക്‌സൈസ് വിജിലന്‍സും അന്വേഷണം നടത്തി എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Latest