Kerala
റാന്നി താലൂക്ക് ആശുപത്രിയിൽ തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകൾ കണ്ടെത്തിയെന്ന ആരോപണം; വാസ്തവ വിരുദ്ധമെന്ന് കെജിഎംഒഎ
റാന്നി താലൂക്ക് ആശുപത്രിയിൽ പരിമിതികൾക്കുള്ളിൽ നിന്നും ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് നൽകി വരുന്നത്.

റാന്നി|റാന്നി താലൂക്ക് ആശുപത്രിയിൽ തുന്നിക്കെട്ടിയ മുറിവിൽ ഉറുമ്പുകൾ കണ്ടെത്തിയെന്ന ആരോപണം തികച്ചും വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫിസർസ് അസോസിയേഷൻ. മരച്ചില്ലയിൽ തട്ടി നെറ്റിയിൽ മുറിവുമായെത്തിയ രോഗിക്ക് കൃത്യമായ ചികിത്സ സമയബന്ധിതമായി അത്യാഹിത വിഭാഗത്തിൽ നല്കിയിരുന്നു. ഹൈഡ്രജൻ പെറോക്സിഡ്, ബെറ്റാഡിന്‍, നോര്‍മല്‍ സലൈന്‍ എന്നിവയുപയോഗിച്ച് മൂന്നു തവണ മുറിവ് വൃത്തിയാക്കിയ ശേഷം സ്റ്റാപ്പളർ ചെയ്യുകയും ചെയ്തിരുന്നു.
തലയ്ക്ക് ക്ഷതമേൽക്കുന്ന സന്ദർഭങ്ങളിൽ സിടി സ്കാൻ ചെയ്യേണ്ടത് അത്യാവശ്യമായതിനാൽ രോഗിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചിരുന്നു. സ്കാൻ ചെയ്തപ്പോൾ മുറിവിൽ ഫോറിന്‍ ബോഡി ഉണ്ടാകാം എന്ന സംശയം കാരണം ജനറൽ ആശുപത്രിയിൽ വച്ചു മുറിവ് തുറന്ന് പരിശോധന നടത്തുകയും കുഴപ്പങ്ങൾ ഒന്നും തന്നെയില്ലയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് രോഗിയെ വീട്ടിലേക്ക് അയച്ചത്. ഒരു പക്ഷെ സിടി സ്കാനിൽ കാണപ്പെട്ട കറുത്ത നിറത്തിലുള്ള രക്തക്കട്ട കണ്ടിട്ടാവാം രോഗിക്ക് അല്ലെങ്കിൽ കൂടെ ഉള്ളയാൾക്ക് ഉറുമ്പ് ആയിരിക്കാമെന്ന് സംശയം തോന്നിയത്.
ഇത്തരം സന്ദർഭങ്ങളിൽ, ആശങ്കയുളവാക്കുന്നതും, തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാർത്തകൾ മാധ്യമങ്ങളിൽ യാതൊരു നിരീക്ഷണവും കൂടാതെ വരുന്നത് വേദനാജനകമാണ്. ഇത്തരം തിരുത്തരവാദിത്വപരമായ വാർത്തകൾ ഡോക്ടർ രോഗി ബന്ധത്തെ വഷളാക്കുകയും ചെയ്യുന്നതാണ്.
പത്തനംത്തിട്ട റാന്നി മലയോരമേഖലയിലെ ബഹുഭൂരിപക്ഷം ജനങ്ങൾ ആശ്രയിക്കുന്ന റാന്നി താലൂക്ക് ആശുപത്രിയിൽ പരിമിതികൾക്കുള്ളിൽ നിന്നും ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് നൽകി വരുന്നത്. ഇത്തരത്തിലുള്ള ആരോപണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോക്ടർ ജ്യോതീന്ദ്രൻ, സെക്രട്ടറി ഡോക്ടർ നിഷാന എന്നിവർ അറിയിച്ചു.