Kerala
ജാതി വിവേചന ആരോപണം; ജില്ലാ കലക്ടര്‍-വൈസ് ചാന്‍സലര്‍ ചര്‍ച്ച ഇന്ന്, സമരം തുടര്‍ന്ന് ദീപ
കോട്ടയം | എം ജി സര്‍വകാലശാലയില്‍ ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ പി കെ ജയശ്രീ ഇന്ന് വൈസ് ചാന്‍സലര്‍ സാബു തോമസുമായി ചര്‍ച്ച നടത്തും. ജാതി വിവേചനം ആരോപിച്ച് സമരത്തിലുള്ള ദളിത് വിദ്യാര്‍ഥി ദീപ പി മോഹനനു കോട്ടയം താഹസില്‍ദാര്‍ ഇക്കാര്യത്തില്‍ ഇന്നലെ രാത്രി ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ദീപ ആശുപത്രിയിലേക്ക് മാറുകയും ചികിത്സക്കു ശേഷം സമരപ്പന്തലിലേക്ക് മടങ്ങുകയും ചെയ്തു.
നാനോ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ഥിയായ ദീപക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. നാനോ സയന്‍സസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെതിരെയാണ് ദീപയുടെ ആരോപണം. ഗവേഷണത്തിന് സൗകര്യം നിഷേധിക്കുന്നതിനെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷമായി നിയമ പോരാട്ടം നടത്തിവരികയാണ് ദീപ. 2018 ഡിസംബറിലും 2019ലെ ഫെബ്രുവരിയിലും മാര്‍ച്ചിലുമൊക്കെയായി ദീപക്ക് അനുകൂലമായ കോടതി ഉത്തരവുകളുണ്ടായി. പക്ഷേ അതെല്ലാം സര്‍വകലാശാല അവഗണിക്കുകയായിരുന്നു. ഒടുവില്‍ ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും പ്രശ്‌നത്തില്‍ തീര്‍പ്പുണ്ടായില്ല. നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ സര്‍വകലാശാല കവാടത്തിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരം ആരംഭിച്ചതിനെ തുടര്‍ന്ന് ദീപയുമായി ചര്‍ച്ചക്ക് തയാറായ വി സി. സാബു തോമസ് ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തില്‍ ദീപ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് തഹസില്‍ദാര്‍ എത്തി ചര്‍ച്ച നടത്തിയത്.
2011-12ലാണ് കണ്ണൂര്‍ സ്വദേശിനിയായ ദീപ പി മോഹനന്‍ എന്ന ദളിത് വിദ്യാര്‍ഥി മഹാത്മാ ഗാന്ധി സര്‍വകാലാശാലയിലെത്തുന്നത്. ഇന്റര്‍നാഷണല്‍ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ദീപ എംഫില്‍ പ്രവേശനം നേടി. അന്നുമുതല്‍ കടുത്ത ജാതി വിവേചനം നേരിട്ടതായി ദീപ പറയുന്നു. ദീപക്കൊപ്പം എംഫിലില്‍ പ്രവേശനം നേടിയ രണ്ട് ദളിത് വിദ്യാര്‍ഥികളും നിന്ദ്യമായ ജാതി വിവേചനം സഹിക്കാനാകാതെ കോഴ്‌സ് ഉപേക്ഷിച്ചു. എന്നാല്‍, ദീപ മാത്രം വിട്ടുകൊടുക്കാതെ പോരാട്ട വീഥിയില്‍ അടിയുറച്ചു നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത പീഡനങ്ങള്‍ നേരിടേണ്ടി വന്നു. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതിരിക്കുക, ടി സി തടഞ്ഞുവക്കുക, എംഫിലിന്റെ സര്‍ട്ടിഫിക്കറ്റ് പല കാരണങ്ങള്‍ പറഞ്ഞ് താമസിപ്പിക്കുക, സ്വന്തമായി ദീപ തയാറാക്കിയ ഡാറ്റ മോഷ്ടിച്ചതാണെന്ന് ആരോപിക്കുക തുടങ്ങിയവക്കു പുറമെ, പി എച്ച് ഡി പ്രവേശനം നല്‍കാതിരിക്കാനും പരമാവധി ശ്രമിച്ചു. പിന്നീട് ദീപയുടെ ഡാറ്റ മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി. ലാബില്‍ പൂട്ടിയിട്ടും ലാബില്‍ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാര നടപടികളുണ്ടായി. നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തിലാണ് ഈ നടപടികള്‍ അരങ്ങേറിയതെന്ന് ദീപ പറയുന്നു. 2012ല്‍ പൂര്‍ത്തിയാക്കിയ എംഫിലിന്റെ സര്‍ട്ടിഫിക്കറ്റ് പല കാരണങ്ങള്‍ നിരത്തി വൈകിപ്പിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നത് കൊണ്ട് ദീപയുടെ അര്‍ഹതയെ തടയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ 2015ലാണ് ദീപക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്.
2015ല്‍ ദീപയുടെ പരാതി പരിശോധിക്കാന്‍ ഡോ. എന്‍ ജയകുമാര്‍, കെ എസ് ഇന്ദു എന്നീ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങുന്ന സമിതിയെ സര്‍വകലാശാല നിയോഗിച്ചിരുന്നു. ഗുരുതരമായ കാര്യങ്ങള്‍ നടന്നതായി സമിതി കണ്ടെത്തിയെങ്കിലും പരിഹാര നടപടികള്‍ മാത്രമുണ്ടായില്ല.