cheriyan philip
വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിച്ചെന്ന ആരോപണം കണ്ണൂര്‍ ലോബിക്കുള്ളിലെ തമ്മിലടി മറച്ചുവെയ്ക്കാന്‍: ചെറിയാന്‍ ഫിലിപ്പ്
കോണ്‍ഗ്രസിനിപ്പോള്‍ സി പി എമ്മിനേക്കാള്‍ ശക്തമായ സോഷ്യല്‍ മീഡിയ വിഭാഗമുണ്ട്.
തിരുവനന്തപുരം | സി പി എം അനുകൂല സോഷ്യല്‍ മീഡിയ അഡ്മിന്‍മാരെ കോണ്‍ഗ്രസുകാര്‍ വിലക്കെടുത്തെന്നും വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചെന്നും എം വി ജയരാജന്‍ ആരോപിക്കുന്നത് കണ്ണൂര്‍ ലോബിക്കുള്ളിലെ തമ്മിലടി മറച്ചുവെയ്ക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.
കോണ്‍ഗ്രസിനിപ്പോള്‍ സി പി എമ്മിനേക്കാള്‍ ശക്തമായ സോഷ്യല്‍ മീഡിയ വിഭാഗമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരെയും അപകീര്‍ത്തിപ്പെടുത്താതെ മികച്ച രീതിയില്‍ ആശയ പ്രചരണം നടത്താന്‍ കോണ്‍ഗ്രസ് സൈബര്‍ വിംഗിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ഛിദ്രത്തിന് കോണ്‍ഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പോസ്റ്റില്‍ പറയുന്നു.
പോരാളി ഷാജിമാരെല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്ന് കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. പോരാളി ഷാജി പേജിന്റെ എല്ലാ അഡ്മിന്‍മാരും കണ്ണൂര്‍ സ്വദേശികളാണ്. വ്യാജ പോരാളി ഷാജിമാരെ സൈബര്‍ പോലീസ് കണ്ടെത്തിയാല്‍ സി പി എം നേതാക്കള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസ് എടുക്കേണ്ടിവരും.
2015 മേയ് 15 ന് നിലവില്‍ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയന്‍ എന്റെ ഹീറോ എന്നതാണ്. എട്ടേകാല്‍ ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഈ പേജില്‍ നിന്നാണ് സി പി എം നേതൃത്വത്തിനെതിരെ ഇപ്പോള്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നത്.
2017 മാര്‍ച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി ജയരാജന്റെ അനുയായികളാണ്. 2019 മാര്‍ച്ച് 10 ന് തുടങ്ങിയ പി ജെ ആര്‍മി പി ജയരാജന്‍ സ്തുതിഗീതം ആലപിച്ചപ്പോള്‍ പാര്‍ട്ടി വിലക്കി. 2021 ജൂണ്‍ 25 ന് പി ജെ ആര്‍മി ഗ്രൂപ്പ് റെഡ് ആര്‍മിയായി മാറി. പിന്നീട്, എം വി ജയരാജന്റെ അനുയായികള്‍ പോരാളി ഷാജി ഒഫിഷ്യല്‍ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്റെ മുഖചിത്രം എം വി ജയരാജന്റെതാണ്.
ഈ ഫേസ് ബുക്ക് പേജുകളുടെയും ഗ്രൂപ്പുകളുടെയും മിക്കവാറും എല്ലാ അഡ്മിന്‍മാരും കണ്ണൂര്‍ സ്വദേശികളാണ്. പലരും ഗള്‍ഫ് രാജ്യങ്ങളിലും ചെന്നൈയിലുമാണ് താമസം. ചെങ്കോട്ട, ചെങ്കതിര്‍, ചുവപ്പു സഖാക്കള്‍ എന്നീ പേജുകളുടെയും അഡ്മിന്‍മാര്‍ സി പി എമ്മുകാരാണ്.