Kerala
റിയാസിന് പി എഫ് ഐ ബന്ധമുണ്ടെന്ന ആരോപണം; സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശവുമായി ശിവന്‍കുട്ടിയും വീണയും
'മുഹമ്മദ് റിയാസ് ജനപ്രതിനിധി, കെ സുരേന്ദ്രന്‍ ജനങ്ങള്‍ തിരസ്‌കരിച്ച വ്യക്തി.'
തിരുവനന്തപുരം | മന്ത്രി പി എ മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് ആരോപിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രിമാരായ വി ശിവന്‍കുട്ടിയും വീണാ ജോര്‍ജും. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് കെ സുരേന്ദ്രന്‍ ഓര്‍ക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എത്ര തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നത് സുരേന്ദ്രന് പോലും ഓര്‍മ കാണില്ല. എല്ലാ തിരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ജനങ്ങള്‍ തിരസ്‌കരിച്ച വ്യക്തിയാണ് കെ സുരേന്ദ്രന്‍. അതുകൊണ്ട് കെ സുരേന്ദ്രന് മുഹമ്മദ് റിയാസിനോടുള്ളത് അസൂയ കലര്‍ന്ന വിദ്വേഷമാണെന്നാണ് കരുതുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
സുരേന്ദ്രനെയും സുരേന്ദ്രന്റെ പാര്‍ട്ടിയെയും കേരളം എന്നേ തള്ളിക്കളഞ്ഞതാണ്. അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ജനങ്ങളുടെ വികാരം കെ സുരേന്ദ്രന്‍ മനസ്സിലാക്കണം. ഇത്തരം പ്രസ്താവനകളുടെയും പ്രവൃത്തികളുടെയും ഫലം കൂടിയാണ് കേരളത്തില്‍ ബി ജെ പിയുടെ താഴേക്കുള്ള വളര്‍ച്ചയെന്നും ശിവന്‍കുട്ടി പറഞ്ഞു.
സമൂഹത്തില്‍ വര്‍ഗീയ വിഷം പടര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള പരാമര്‍ശമാണ് സുരേന്ദ്രന്‍ നടത്തിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികൃതമനസ്സില്‍ നിന്നുള്ള വിഷവാക്കുകളാണിതെന്നും വീണ പറഞ്ഞു. പലതവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് സുരേന്ദ്രന്‍. പൊതുപ്രവര്‍ത്തകന്റെ സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മന്ത്രി റിയാസിനെതിരെ നടത്തിയതെന്നും വീണ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.