Connect with us

Kerala

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണം; മന്ത്രി റിയാസിനോട് ജില്ലാ കലക്ടര്‍ വിശദീകരണം തേടി

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഇടത് മുന്നണി നടത്തിയ തിരഞ്ഞെടുപ്പ് പരിപാടിയില്‍ റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് യു ഡി എഫ് ആരോപണം.

Published

|

Last Updated

കോഴിക്കോട് | തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന യു ഡി എഫ് പരാതിയില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനോട് വിശദീകരണം തേടി ജില്ലാ കലക്ടര്‍. ഇന്നലെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഇടത് മുന്നണി നടത്തിയ തിരഞ്ഞെടുപ്പ് പരിപാടിയിലാണ് റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചതായുള്ള ആരോപണമുയര്‍ന്നത്.

കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. വേദിയിലുണ്ടായിരുന്ന സ്ഥാനാര്‍ഥി എളമരം കരീം ഇതിനു പിന്നാലെ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന വീഡിയോ ഗ്രാഫറെ വേദിക്ക് പിന്നിലെ ഗ്രീന്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി. മന്ത്രി പ്രസംഗം നിര്‍ത്തിയ ശേഷമാണ് ഇവര്‍ തിരികെ വന്നതെന്ന് യു ഡി എഫ് ആരോപിക്കുന്നു. യു ഡി എഫിന്റെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും പ്രസംഗത്തിന്റെ ദൃശ്യം ചിത്രീകരിച്ച വീഡിയോഗ്രാഫര്‍ക്ക് പരാതിയുണ്ടെങ്കില്‍ പ്രതികരിക്കാമെന്നും കരീം ഇതിനു മറുപടി നല്‍കുകയും ചെയ്തു.

പരിപാടിയുടെ ദൃശ്യങ്ങള്‍ സഹിതമാണ് യു ഡി എഫ് പരാതി നല്‍കിയത്. മന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ഗ്രാഫറെ ഭീഷണിപ്പെടുത്തി മായ്ച്ചുകളഞ്ഞെന്നാണ് മുന്നണിയുടെ ആരോപണം.

എന്നാല്‍, ആരോപണം മന്ത്രി റിയാസ് തള്ളി. നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞത്. പുതിയ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ചെയ്ത കാര്യം പറയുന്നതില്‍ കുതിരകയറിയിട്ട് കാര്യമില്ലെന്നും ഇനിയും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest