Kerala
ജഡ്ജിക്ക് നല്‍കാന്‍ കോഴ വാങ്ങിയെന്ന ആരോപണം; അഭിഭാഷകനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ ഓഫ് കേരള കേള്‍ക്കും. അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
കൊച്ചി | ജഡ്ജിക്ക് നല്‍കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാമെന്ന് എ ജിയുടെ നിയമോപദേശം. സംസ്ഥാന പോലീസ് മേധാവിക്കാണ് നിയമോപദേശം നല്‍കിയത്.
വിഷയത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നിയമോപദേശം തേടുകയും ചെയ്തിരുന്നു. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ സൈബിയോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര നിയമ മന്ത്രാലയത്തില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് സൈബിക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടി ആരംഭിച്ചത്. സൈബിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരുസംഘം അഭിഭാഷകര്‍ നിയമ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ച സാഹചര്യത്തില്‍ ആരോപണങ്ങളെ കുറിച്ച് വിശദീകരണം നല്‍കാനാണ് സൈബിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ ഓഫ് കേരള കേള്‍ക്കും. അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കൈക്കൂലി നല്‍കിയിട്ടില്ലെന്നാണ് സൈബി യുടെ വാദം. കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.