Kerala
596.7 ടൺ കടല നശിച്ചെന്ന ആരോപണം: കേസ് തീർപ്പാക്കി
ബാക്കി വന്ന 1,106 മെട്രിക് ടൺ കടല കേടാകാൻ സാധ്യതയുള്ളതിനാൽ ഉടൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.
പാലക്കാട് | പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ഭക്ഷ്യ വിതരണ വകുപ്പിന് ലഭിച്ച 596.7 ടൺ കടല പഴകി നശിച്ചെന്ന ആരോപണം സിവിൽ സപ്ലൈസ് ഡയറക്ടർ നിഷേധിച്ചു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് സിവിൽ സപ്ലൈസ് ഡയറക്ടർ ഇക്കാര്യമറിയിച്ചത്.
2020 ജൂലൈ, നവംബറിൽ വിതരണം ചെയ്യേണ്ടിയിരുന്ന കടല നാഫെഡിൽ നിന്ന് യഥാസമയം ലഭിക്കാത്തതു കാരണം വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്ന് വിശദീകരണത്തിൽ പറയുന്നു. 2021 ജനുവരി ക്വാട്ടയിൽ 96 ശതമാനത്തോളം കടല വിതരണം ചെയ്തു. ബാക്കി വന്ന 1,106 മെട്രിക് ടൺ കടല കേടാകാൻ സാധ്യതയുള്ളതിനാൽ ഉടൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.
പിന്നീട് കടല കിറ്റിൽ ഉൾപ്പെടുത്തി നൽകാൻ അനുമതി ലഭിച്ചു. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.