Idukki
പൊറോട്ട കഴിച്ച് അലർജി; പ്ലസ് വൺ വിദ്യാർഥിനി മരിച്ചു
മൈദയും ഗോതമ്പും നയൻമരിയക്ക് അലർജിക്ക് കാരണമാകാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ
തൊടുപുഴ |പൊറോട്ട കഴിച്ചതിനെ തുടർന്ന് അലർജി പ്രശ്നങ്ങളുണ്ടായ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. ഇടുക്കി വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
മൈദയും ഗോതമ്പും നയൻമരിയക്ക് അലർജിക്ക് കാരണമാകാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നേരത്തെയും മൈദ, ഗോതമ്പ് വിഭവങ്ങൾ കഴിച്ചതിനെ തുടർന്ന് നയൻമരിയക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ചികിത്സകൾ ചെയ്യുകയും രോഗം ഭേദമായെന്ന് കരുതുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പൊറോട്ട കഴിച്ചതോടെ പെൺകുട്ടി വീണ്ടും അവശനിലയിലായി.
ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നയൻമരിയയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.