Connect with us

From the print

സഖ്യം മുഖ്യം;ആന്ധ്രക്കും ബിഹാറിനും വാരിക്കോരി

ബജറ്റ് മൂലധനച്ചെലവ് 2019-20 സാമ്പത്തിക വർഷത്തിലെ മൂലധനച്ചെലവിന്റെ ഏതാണ്ട് 3.3 മടങ്ങാണ് 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ മൊത്തം ചെലവിന്റെ 23.0 ശതമാനവുമാണ്.

Published

|

Last Updated

ന്യൂഡൽഹി | എൻ ഡി എ സർക്കാറിനെ താങ്ങിനിർത്തുന്ന ടി ഡി പിയും ജെ ഡി യുവും ഭരിക്കുന്ന ആന്ധ്രാപ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയും തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ, നികുതി ഇളവുകൾ പ്രഖ്യാപിച്ചും മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ്. വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള സുപ്രധാന മേഖലകൾക്ക് നേരെ പൂർണമായി കണ്ണടക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ്. കാർഷിക മേഖലക്കും കാര്യമായ പദ്ധതികളില്ല. തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികളും ഇറക്കുമതി നികുതി ഇളവുകളുമാണ് കാര്യമായി ഇടംപിടിച്ചത്. ആദായ നികുതിയിലും ചെറിയ മാറ്റങ്ങൾ നിർദേശിച്ചു.

കടമെടുപ്പ് ഒഴികെയുള്ള ആകെ വരവുകളും മൊത്തം ചെലവുകളും യഥാക്രമം 32.07 ലക്ഷം കോടിയായും 48.21 ലക്ഷം കോടിയായും ബജറ്റ് കണക്കാക്കുന്നു. അറ്റ നികുതി വരുമാനം 25.83 ലക്ഷം കോടി രൂപയാണ്. ജി ഡി പിയുടെ 4.9 ശതമാനമാണ് ധനക്കമ്മി കണക്കാക്കിയത്. മൂലധനച്ചെലവ് 11.11 ലക്ഷം കോടി രൂപയാണ്. ഇത് ജി ഡി പിയുടെ 3.4 ശതമാനം വരും. മൂലധനച്ചെലവിനായി സംസ്ഥാനങ്ങൾക്കുള്ള 1.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം ഇതിൽ ഉൾപ്പെടും.

ബജറ്റ് മൂലധനച്ചെലവ് 2019-20 സാമ്പത്തിക വർഷത്തിലെ മൂലധനച്ചെലവിന്റെ ഏതാണ്ട് 3.3 മടങ്ങാണ് 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ മൊത്തം ചെലവിന്റെ 23.0 ശതമാനവുമാണ്. അടുത്ത വർഷം ധനക്കമ്മി 4.5 ശതമാനത്തിൽ താഴെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. 2026-27 മുതൽ, ഓരോ വർഷവും കേന്ദ്ര സർക്കാറിന്റെ കടം, ജി ഡി പിയുടെ നിശ്ചിത ശതമാനമായി കുറയുന്ന വിധത്തിൽ ധനക്കമ്മി നിലനിർത്താൻ ശ്രമിക്കുമെന്ന് അവർ പറഞ്ഞു. മൊത്ത നികുതി വരുമാനം 2023-24നേക്കാൾ 11.7 ശതമാനം വളരുമെന്ന് ബജറ്റ് പ്രതീക്ഷിക്കുന്നു.

Latest