Connect with us

AAP

ഹരിയാനയില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യ ചര്‍ച്ച പരാജയപ്പെട്ടു; എ എ പി 20 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തു വിട്ടു

തീരുമാനം ആയില്ലെങ്കില്‍ 90 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ എ പി

Published

|

Last Updated

ചണ്ഡീഗഡ് | ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കും. 20 സ്ഥാനാര്‍ഥികളുടെ പട്ടിക പാര്‍ട്ടി പുറത്തു വിട്ടു.

കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചയില്‍ എ എ പി പത്തുസീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അഞ്ച് സീറ്റ് നല്‍കാമെന്ന നിപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്താത്തതാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കാരണം.

വൈകുന്നേരത്തോടെ അന്തിമ തീരുമാനം ആയില്ലെങ്കില്‍ 90 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എ എ പിയുടെ സംസ്ഥാന ഘടകം മേധാവി സുശീല്‍ ഗുപ്ത അറിയിച്ചിരുന്നു.
ഹരിയാന തെരഞ്ഞെടുപ്പിനായി ഇരു പാര്‍ട്ടികളും തങ്ങളുടെ വ്യക്തിപരമായ അഭിലാഷങ്ങള്‍ മാറ്റിവച്ച് സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്നും സഖ്യം സംബന്ധിച്ച് സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നുമായിരുന്നു എ എ പി നേതാക്കള്‍ പറഞ്ഞിരുന്നത്.

ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 12നാണ്. തങ്ങളുടെ സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയ പൂര്‍ത്തിയായെന്നും കെജ്രിവാളില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ പട്ടിക പുറത്തുവിടുമെന്നും ജനറല്‍ സെക്രട്ടറി (സംഘടന) സന്ദീപ് പഥക്കും മുതിര്‍ന്ന നേതാവ് സഞ്ജയ് സിങും പറഞ്ഞു.

 

Latest