pk.kunjalikkutti
'സർക്കാറുമായി സഖ്യം': കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശങ്ങളെ പ്രതിരോധിച്ച് യൂത്ത് ലീഗ്
"കുഞ്ഞാലിക്കുട്ടി കരുണാകരനെ പോലെ'
കോഴിക്കോട് | സംസ്ഥാന സർക്കാറുമായി പി കെ കുഞ്ഞാലിക്കുട്ടി സഖ്യമുണ്ടാക്കിയെന്ന വിമർശങ്ങളെ പ്രതിരോധിച്ച് യൂത്ത് ലീഗ് രംഗത്ത്. കുവൈത്ത് കെ എം സി സി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ യോഗത്തിലെ പ്രസംഗത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് കുഞ്ഞാലിക്കുട്ടിയെ പൂർണമായും ന്യയീകരിച്ച് പ്രസംഗിച്ചത്. പാർട്ടിയുടെ ബലഹീനതകൾ തുറന്നുപറയുന്ന പ്രസംഗത്തിൽ കുഞ്ഞാലിക്കുട്ടിയെ എതിരാളികൾക്ക് എറിഞ്ഞുകൊടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹം സി എച്ചിനെ പോലെ പാർട്ടിയെ നയിക്കുന്നു. കെ കരുണാകരനെപ്പോലെയാണ് ലീഗിന് കുഞ്ഞാലിക്കുട്ടിയെന്നും ഫിറോസ് പറഞ്ഞു.
സർക്കാറുമായി കുഞ്ഞാലിക്കുട്ടി സഖ്യമുണ്ടാക്കിയെന്നത് എതിരാളികളുടെ ആരോപണമാണ്. നിയമസഭയിൽ ചിലപ്പോൾ പ്രശ്‌നങ്ങളുടെ വക്കിലെത്തുമ്പോൾ ശാന്തമാക്കാൻ നേതാക്കന്മാർ വേണ്ടി വരും. അത് കോംപ്രമൈസാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. വിമർശിക്കാൻ എളുപ്പമാണ്. അത് ആർക്കും സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിമർശങ്ങളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. നമ്മുടെ നേതാക്കളെ രാഷ്ട്രീയ എതിരാളികൾക്ക് കടിച്ചുകീറാൻ എറിഞ്ഞുകൊടുക്കുന്നവരുടെ കൂട്ടത്തിൽ മുസ്‌ലിം ലീഗുകാർ ഉണ്ടാകാൻ പാടില്ല.
യൂത്ത് ലീഗ് സമര രംഗത്ത് സജീവമല്ലെന്ന് വിമർശമുണ്ട്. സംഘടന ശക്തിപ്പെടുത്താൻ സമയം ചെലവഴിക്കുന്നത് കൊണ്ടാണ് സജീവമാകാൻ കഴിയാത്തത്. സംഘടനാ സംവിധാനങ്ങളിൽ അഴിച്ചുപണി ആവശ്യമാണെന്ന് ഈ കമ്മിറ്റി വന്നപ്പോൾ മൂന്നാറിൽ ചേർന്ന ക്യാമ്പിൽ തീരുമാനമെടുത്തു. തെക്കൻ മേഖലയിൽ പാർട്ടി അനുദിനം പ്രയാസത്തിലേക്ക് പോകുന്നത് മനസ്സിലാക്കി. ഇതിനാൽ തെക്കൻ കേരളത്തിലുടനീളം യൂത്ത് ലീഗ് നേതാക്കൾ ക്യാമ്പ് ചെയതു. എന്നിട്ടും പ്രതീക്ഷിച്ച പോലെ വിജയമുണ്ടായില്ലെന്നും വീണ്ടും ഇവിടങ്ങളിൽ പര്യടനം നടത്തിയെന്നും അദ്ദേഹം പറയുന്നു.
സർക്കാറുമായി മൃദുസമീപനം സ്വീകരിക്കുന്ന കുഞ്ഞാലിക്കുട്ടി ഭരണപക്ഷത്താണോ പ്രതിപക്ഷത്താണോയെന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ലീഗ് പ്രവർത്തകസമിതി യോഗത്തിൽ വിമർശം ഉയർന്നിരുന്നു. ഈ യോഗത്തിൽ കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്നതുൾപ്പെടെയുള്ള റിപോർട്ടുകളാണ് പുറത്തുവന്നിരുന്നത്. ഇതേത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ നടപടിയെടുത്തിരുന്നു.