Connect with us

Uae

92 രാജ്യങ്ങളില്‍ നിന്ന് മൃഗങ്ങളെ ഇറക്കുമതി ചെയ്യാന്‍ അനുമതി

15 രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി താത്കാലികമായി നിരോധിച്ചിട്ടുണ്ട്.

Published

|

Last Updated

അബൂദബി| കന്നുകാലികള്‍, പക്ഷികള്‍, വിരിയിക്കുന്ന മുട്ടകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടിക കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അപ്‌ഡേറ്റ് ചെയ്തു. ഗ്ലോബല്‍, ഗള്‍ഫ് ഫുഡ് ആന്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുകള്‍ നിശ്ചയിച്ചിട്ടുള്ള ആവശ്യകതകളും മാനദണ്ഡങ്ങളും പാലിക്കുന്ന 92 രാജ്യങ്ങളില്‍ നിന്നുള്ള പശുക്കള്‍, ആടുകള്‍, ഒട്ടകങ്ങള്‍, പക്ഷികള്‍, മറ്റു ഇനങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യാനാണ് അനുമതിയുള്ളത്.

15 രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ഈ രാജ്യങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കുളമ്പുരോഗം, പക്ഷിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നാണ് മൃഗങ്ങള്‍, കുഞ്ഞുങ്ങള്‍, മുട്ടകള്‍, എന്നിവ ഇറക്കുമതി ചെയ്യുന്നത് താത്കാലികമായി നിരോധിച്ചത്. മനുഷ്യന്റെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന രോഗങ്ങളില്ലാത്തതാണെന്ന് പ്രഖ്യാപിച്ച ശേഷം ഇറക്കുമതി നിരോധനം അവസാനിപ്പിക്കുകയും പട്ടിക പുതുക്കുകയും ചെയ്യും.

ഫെഡറല്‍ ഫുഡ് സേഫ്റ്റി നിയമത്തിന്റെയും ദേശീയ ഹലാല്‍ ഫുഡ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെയും മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം എല്ലാ ഉത്പന്നങ്ങളെയും വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ തുറമുഖങ്ങളില്‍, ഭക്ഷണ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രാദേശിക അധികാരികള്‍ മുഖേന, ചരക്കുകള്‍ക്കൊപ്പമുള്ള ഉത്ഭവ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, ഹലാല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കുന്നു. തുടര്‍ന്ന് സെന്‍സറി പരിശോധന, ആവശ്യമായ ലബോറട്ടറി പരിശോധനകള്‍ നടത്തുന്നതിന് സാമ്പിളുകള്‍ എടുക്കുകയും ചെയ്യും.

 

 

 

Latest