National
ജാമ്യം ലഭിച്ചിട്ടും അല്ലു അര്‍ജുന് ജയില്‍ മോചിതനാവാനായില്ല
അല്ലു ഒരു രാത്രി ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കില്‍
ഹൈദരാബാദ് | വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇടക്കാല ജാമ്യം ലഭിച്ച പ്രമുഖ നടന്‍ അല്ലു അര്‍ജുന് ജയില്‍ മോചിതനാവാനായില്ല.
കോടതിയില്‍ നിന്ന് ജഡ്ജി ഒപ്പിട്ട ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ജയിലിലെത്താത്തതിനെ തുടര്‍ന്ന് ഇന്ന് ജയില്‍ മോചനം സാധ്യമാകില്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. തുടര്‍ന്ന് അല്ലുവിന് ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്നു. ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കിലാണ് അദ്ദേഹം കഴിയുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പുഷ്പ 2 സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് നടന്‍ അറസ്റ്റിലായത്. ജയിലിന് പുറത്ത് ആരാധകര്‍ പ്രതിഷേധം തുടങ്ങിയ സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ കോടതി ഉത്തരവ് വന്നതിന് ശേഷമായിരിക്കും മോചനം. മോചനമില്ലെന്ന വിവരം ലഭിച്ച അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ് തിരികെ വീട്ടിലേക്ക് മടങ്ങിപ്പോയി.
അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അല്ലുവിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പോലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. 50,000 രൂപയും ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥ.