National
അല്ലു അര്‍ജുനെ ചോദ്യം ചെയ്തത് മൂന്നര മണിക്കൂറോളം; സുപ്രധാന ചോദ്യങ്ങളോടെല്ലാം മൗനം
അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് തിയറ്ററിലേക്ക് എത്തിയത് എന്തിനെന്നും സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മര്‍ദ്ദിച്ചതില്‍ ഇടപെടാതിരുന്നത് എന്തുകൊണ്ടെന്നും ചോദ്യങ്ങളുണ്ടായിരുന്നു
അല്ലു അർജുനെ ജൂബിലി ഹില്‍സിലെ വസതിയില്‍ നിന്ന് ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ
ഹൈദരാബാദ് | പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് സിനിമ നടന്‍ അല്ലു അര്‍ജുന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി . നടനെ മൂന്നര മണിക്കൂറോളമാണ് ഹൈദരാബാദ് പോലീസ് ചോദ്യം ചെയ്തത്. അതേ സമയം സുപ്രധാന ചോദ്യങ്ങളോടെല്ലാണ നടന്‍ മൗനം പാലിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് തിയറ്ററിലേക്ക് എത്തിയത് എന്തിനെന്നും സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മര്‍ദ്ദിച്ചതില്‍ ഇടപെടാതിരുന്നത് എന്തുകൊണ്ടെന്നും ചോദ്യങ്ങളുണ്ടായിരുന്നു. സംഭവം നടന്ന സന്ധ്യ തിയറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അര്‍ജുന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നു പോലീസ് അല്ലുവിനോട് ചോദിച്ചു. മാധ്യമങ്ങളോട് പരസ്പര വിരുദ്ധമായല്ലെ സംസാരിച്ചതെന്നുമായിരുന്നു മറ്റൊരു ചോദ്യം. എന്നാല്‍ ഇതിനൊന്നും മറുപടി അല്ലു അര്‍ജുന്‍ മറുപടി നല്‍കിയില്ല. ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനായി അല്ലു അര്‍ജുന്‍ ഇന്ന് രാവിലെ ഹാജരായത്. ഡിസംബര്‍ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററില്‍ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.